Saturday, July 2, 2016

എതിർപ്പുമതം

എന്തിനെയും എതിർക്കുന്ന ഒരു കൂട്ടം ആളുകൾ എല്ലാ കാലത്തുമുണ്ട്. ഇപ്പോൾ അതൊരു മതം പോലെ ആയിട്ടുണ്ട്. ശാസ്ത്രവിരുദ്ധമതം എന്ന് പറയാം. ശാസ്ത്രം സംബന്ധിച്ച എല്ലാറ്റിനെയും എതിർക്കുക. വാക്സിനെഷനെ എതിർക്കുക, രാസവളത്തെയും കീടനാശിനികളെയും എതിർക്കുക, മോഡേൺ മെഡിസിനെ എതിർക്കുക, ജനിതകമാറ്റം വരുത്തുന്ന വിത്തുകളെ എതിർക്കുക ഇങ്ങനെ എല്ലാറ്റിനെയും എതിർക്കുന്ന ഒരു വിഭാഗം സംഘടിതമായി തന്നെ ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്തുണ്ട്.  മനുഷ്യന്റെ അതിജീവനത്തിന്റെ ഭാഗമായിട്ടാണു ഓരോ കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ളത്. കണ്ടുപിടിക്കുന്നതിനും മുൻപ് മനുഷ്യർ ജീവിച്ചിട്ടില്ലേ എന്ന് ചോദിക്കാം. ആ ജീവിതം ഇപ്പോൾ മതിയോ? പണ്ടത്തെ നാടൻ വിത്തും , നാടൻ മരുന്നും, പ്രകൃതികൃഷിയും ഒക്കെക്കൊണ്ട് ഇക്കാലത്തെ ഇത്രയും മനുഷ്യർക്ക് ജീവിയ്ക്കാൻ കഴിയുമോ? ഇപ്പോൾ ഹരിതവിപ്ലവത്തെ ചിലർ തള്ളി പറയുന്നു. മണ്ണും പരിസ്ഥിയും ഹരിതവിപ്ലവം കൊണ്ട് നശിച്ചു എന്നാണു പറയുന്നത്. ഹരിതവിപ്ലവം ഉണ്ടായില്ലെങ്കിൽ മനുഷ്യൻ പട്ടിണി കൊണ്ട് ഭൂമുഖത്ത് നിന്ന് ഇതിനകം അപ്രത്യക്ഷമായിട്ടുണ്ടാകും.  ഹരിതവിപ്ലവത്തിനു മുൻപ് ലക്ഷക്കണക്കിനു ആൾക്കാരാണു ഭക്ഷ്യ ക്ഷാമം കൊണ്ട് മരിച്ചുകൊണ്ടിരുന്നുന്നത്.  മനുഷ്യൻ ഇല്ലെങ്കിൽ പരിസ്ഥിതിയും മണ്ണും അതേ പടിയുണ്ടാകുമായിരുന്നു. അങ്ങനെയാണോ വേണ്ടത്?

അത് പോലെ വാക്സിനേഷനും മോഡേൺ മെഡിസിനും ഒന്നും നിലവിൽ വരുന്നതിനു മുൻപ് ലക്ഷങ്ങൾ തന്നെയാണു പകർച്ച വ്യാധികൾ നിമിത്തം മരിച്ചുകൊണ്ടിരുന്നത്.  അനവധി നിരവധി കണ്ടുപിടുത്തങ്ങളുടെ ഫലമായി മനുഷ്യസമൂഹം ഇപ്പോഴാണു ഒരു സ്റ്റേബിൾ നിലയിലേക്ക് വന്നത്. ഈ നിലയിൽ നിന്നുകൊണ്ട്, ഇതിന്റെ എല്ലാ സൗകര്യങ്ങളും അനുഭവിച്ചുകൊണ്ടാണു എല്ലാറ്റിനെയും എതിർക്കുന്നത്. ഇപ്പോഴത്തെ ലോകജനസംഖ്യ 700 കോടിയിൽ അധികമാണു. 2050 ആകുമ്പോഴേക്കും ജനസംഖ്യ തൊള്ളായിരം കോടി കവിയും. അത്രയും ജനങ്ങൾക്ക് ആഹാരം വേണ്ടേ? ജൈവകൃഷിയും പ്രകൃതികൃഷിയും കൊണ്ട് അത് കഴിയുമോ? ജനസംഖ്യ പെരുകുന്നു. അതേ സമയം കൃഷിസ്ഥലം കുറയുന്നു. എല്ലാവരും അവനവന്റെ ആവശ്യത്തിനു കൃഷി ചെയ്യുകയാണെങ്കിൽ ഇപ്പറഞ്ഞ പ്രകൃതികൃഷിയും ജൈവകൃഷിയും ഒക്കേ മതിയായിരുന്നു. അത് കഴിയില്ലല്ലൊ.  ലോകത്തെ തീറ്റിപ്പോറ്റാൻ കർഷകർ എന്നൊരു വർഗ്ഗം വേണ്ടേ? അവർക്ക് നിലനിൽക്കണമെങ്കിൽ കൃഷി ലാഭകരം ആകണ്ടേ?

കീടങ്ങൾ സർവ്വത്രയുണ്ട്. 35 ശതമാനം വിളനാശം ആണു കീടങ്ങൾ കൊണ്ട് ഉണ്ടാകുന്നത്. ഈ കീടങ്ങളെയെല്ലാം ജൈവകീടനാശിനി കൊണ്ട് ഇല്ലാതാക്കി കർഷകർക്ക് കൃഷി ചെയ്യാൻ പറ്റുമോ? കീടനാശിനി നിരോധനമല്ല നീയന്ത്രണമാണു സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് കൃഷി പറഞ്ഞിരിക്കുന്നു. അത് സ്വാഗതാർഹമാണു. ആവശ്യത്തിനു കീടനാശിനികൾ ഉപയോഗിക്കാൻ കർഷകർക്ക് കഴിയണം. അതിനു കീടനാശിനികൾ ലഭ്യമാക്കുകയും വേണം. ജൈവകീടനാശിനി ഉണ്ടാക്കിയിട്ട് കർഷകർക്ക് വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കഴിയില്ല. പിന്നെ രാസവളം, രാസവളത്തെ എതിർക്കുന്നതിൽ ഒരു ലോജിക്കും ഇല്ല. മണ്ണ് എന്ന് പറയുന്നത്  എന്തോ ദിവ്യ വസ്തുവല്ല. ഭൂമിയുടെ മേല്പരപ്പിലെ പാറ പൊടിഞ്ഞിട്ടാണു മണ്ണ് ഉണ്ടായിട്ടുള്ളത്.  പാറ പൊടിഞ്ഞ് ഉണ്ടായ മണ്ണിലെ ചില കെമിക്കൽ മൂലകങ്ങൾ അബ്‌സോർബ് ചെയ്തിട്ടാണു ചെടികൾ വളരുന്നത്. ചെടികൾക്ക് വേണ്ടത് മണ്ണല്ല. മണ്ണ് ഇല്ലാതെ  ആവശ്യമായ മൂലകങ്ങളും വെള്ളവും കൊടുത്താലും ചെടികൾ പുഷ്ടിയോടെ വളരും. അങ്ങനെയുള്ള ഹൈഡ്രോപോണിക്ക് കൃഷി ഇപ്പോ പ്രചരിക്കുന്നുണ്ട്. പാറകൾ പൊടിഞ്ഞുണ്ടായ ധാതുക്കളും ലവണങ്ങളും പിന്നെ ജൈവപദാർത്ഥങ്ങൾ അലിഞ്ഞു ചേർന്നതുമാണു മണ്ണ്. ചെടികളെ ഉറപ്പിച്ച് നിർത്താനും അവയ്ക്ക് ആവശ്യമുള്ള മൂലകങ്ങളും ജലവും വലിച്ചെടുക്കാനുമാണു മണ്ണ് കൃഷിക്ക് ഉപയോഗപ്പെടുന്നത്. ചെടികളെ ഉറപ്പിച്ച് നിർത്താനും വെള്ളവും മൂലകങ്ങളും ചെടികൾക്ക് ലഭ്യമാക്കാനുള്ള നൂതനമായ സംവിധാനമാണു ഹൈഡ്രോപോണിക്സ്.  എല്ലാറ്റിനും ഒരു മെക്കാനിസം ഉണ്ട്. അത് മനസ്സിലാക്കിയിട്ടാണു ഓരോന്ന് കണ്ടുപിടിക്കുന്നത്.

ജനറ്റിക്ക് എഞ്ചിനീയറിങ്ങ് കൃഷിയിൽ വലിയ വിപ്ലവം ആണു വരുത്താൻ പോകുന്നത്. ചെടികൾക്ക് കീടങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി , പിന്നെ വരൾച്ചയെ നേരിടാനും ഉല്പാദനം വർദ്ധിപ്പിക്കാനും അങ്ങനെ ഒരുപാട് ഗുണങ്ങൾ ജനിതകമാറ്റം വരുത്തുന്നതിലൂടെ സാധിക്കും. ഓരോ ജീവിയ്ക്കും സസ്യത്തിനും അതിന്റേതായ ജനിതകഘടനയുണ്ട്. ആശാസ്യമായ ജീനുകൾ മറ്റ് സസ്യങ്ങളിലേക്ക് മാറ്റി വയ്ക്കുന്നതിൽ യാതൊരു അപാകതയും ഇല്ല. ജനറ്റിക്ക് എഞ്ചിനീയറിങ്ങ് ചികിത്സാരംഗത്തും വമ്പിച്ച മാറ്റങ്ങളാണു വരുത്താൻ പോകുന്നത്. ചിലരിൽ ക്യാൻസർ ഉണ്ടാക്കുന്ന ജീനുകൾ പാരമ്പര്യമായി തന്നെയുണ്ടാകും. അത്തരം ജീനുകളെ കണ്ടെത്തി ഇല്ലാതാക്കാൻ ജനറ്റിക്ക് സാങ്കേതിക വിദ്യയിലൂടെ കഴിയും.

ചിലർ പറയും സായിപ്പിന്റെ ശാസ്ത്രം എന്നൊക്കെ. സയൻസ് സായിപ്പിന്റേതല്ല. പ്രപഞ്ചനിയമങ്ങൾ കണ്ടുപിടിക്കുന്നതാണു സയൻസ്. അത് സായിപ്പ് കുറേ കണ്ടുപിടിച്ചു അല്ലെങ്കിൽ കണ്ടുപിടുത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു എന്നേയുള്ളൂ. അങ്ങനെ കണ്ടുപിടിക്കുന്ന അറിവുകൾ മനുഷ്യരാശിയുടെ പൊതുസ്വത്ത് ആവുകയാണു.  സയൻസ് മനസ്സിലാക്കാൻ ബുദ്ധിപരമായ അധ്വാനവും ക്ഷമയും വേണം. അത്കൊണ്ട് ശാസ്ത്രവും സാധാരണക്കാരും തമ്മിൽ ഒരു ഗ്യാപ്പ് ഉണ്ട്. ആ ഗ്യാപ്പിലാണു ശാസ്ത്രവിരുദ്ധരുടെ എതിർപ്പുമതം പ്രചാരം നേടുന്നത്. പക്ഷെ അതിജീവനത്തിനു ആളുകൾ സയൻസിനെ ആശ്രയിക്കുക തന്നെ ചെയ്യും. വേറെ വഴിയില്ല. ഹോമിയോപ്പതി നോക്കുക. ഡോക്റ്റരെ കാണിച്ചില്ലെങ്കിലും സാരമില്ല മരുന്ന് കഴിച്ചില്ലെങ്കിലും സാരമില്ല എന്ന തരത്തിലുള്ള രോഗങ്ങൾക്ക് മാത്രമെ ഹോമിയോക്കാരനെ സമീപിക്കുകയുള്ളൂ. ഇത് ചികിത്സിച്ച് ഭേദമാക്കിയേ പറ്റൂ എന്ന് നിർബ്ബന്ധമായ അവസ്ഥയിലുള്ള രോഗികൾ മോഡേൺ മെഡിസിൻ ഡോക്റ്റർമാരെ മാത്രമെ കാണിക്കുകയുള്ളൂ. ജീവൻ വെച്ചുള്ള കളിക്ക് ആരും തയ്യാറാവുകയില്ല. അത്കൊണ്ട്  എതിർപ്പുകാർ എതിർക്കട്ടെ, ശാസ്ത്രീയമായത് ഇല്ലാതെ ലോകം ഒരു ദിവസം അതിജീവിക്കുകയില്ല. ലോകം എന്ന് വെച്ചാൽ മനുഷ്യരാശി. സയൻസ് മനുഷ്യന്റെ നിലനില്പിനും അതിജീവനത്തിനുമാണു.










Friday, September 11, 2015

Tuesday, September 8, 2015

അണു അഥവാ ആറ്റം - 2

ജീവൻ ഉള്ളതും ഇല്ലാത്തതുമായ എല്ലാ പദാർഥങ്ങളുടെയും ഏറ്റവും ചെറിയ യൂനിറ്റ് അണു ആണെന്നും , അണുവിൽ പ്രോട്ടോൺ, ന്യൂട്രോൺ , എലക്ട്രോൺ എന്ന് മൂന്ന് കണികൾ ഉണ്ടെന്നും നമ്മൾ മനസ്സിലാക്കി. എലക്ട്രോണിന് നെഗറ്റീവ് ചാർജ്ജാണുള്ളത്. എലക്ട്രോൺ പിന്നെയും ചെറുതാക്കാൻ പറ്റില്ല. പോസിറ്റീവ് ചാർജ്ജ് ഉള്ള പ്രോട്ടോണും ചാർജ്ജ് ഇല്ലാതെ ന്യൂട്രൽ ആയ ന്യൂട്രോണും പിന്നെയും ചെറിയ കണികകളായി മാറും. അത് ഇപ്പോൾ പഠിക്കേണ്ട. നമ്മുടെ ശരീരം കോടാനുകോടി അണുക്കൾ ചേർന്ന് ഉണ്ടായതാണ്. അങ്ങനെ നാം കാണുന്ന എന്തും അണുക്കൾ ചേർന്ന് ഉണ്ടായതാണ്. അണു എന്നത് എല്ലാറ്റിന്റെയും ഏറ്റവും ചെറിയ യൂനിറ്റിന് പൊതുവായി പറയുന്ന പേരാണ്. വിവിധ അണുക്കളുണ്ട്. ഓരോ അണുവിലും ഉള്ള പ്രോട്ടോണിന്റെ എണ്ണതിനനുസരിച്ച് വ്യത്യാസപെടുന്ന അണുക്കളെ മൂലകം (Element) എന്ന് പറയും. ഉദാഹരണത്തിനു ഒരു പ്രോട്ടോൺ ഉള്ള മൂലകം ഹൈഡ്രജൻ. രണ്ട് പ്രോട്ടോൺ ഉള്ള മൂലകം ഹീലിയം. ആറ് പ്രോട്ടോൺ ഉള്ള മൂലകം കാർബൺ, എട്ട് പ്രോട്ടോൺ ഉള്ള മൂലകം ഓക്സിജൻ എന്നിങ്ങനെ. പ്രോട്ടോണുകളുടെ എണ്ണമാണു ഒരോ മൂലകത്തെയും നിർണ്ണയിക്കുന്നത് എന്ന് സാരം.

പ്രകൃതിയിൽ തൊണ്ണൂറോളം മൂലകങ്ങൾ മാത്രമാണുള്ളത്. മൂലകങ്ങൾ ചേർന്ന് സംയുക്തങ്ങൾ ഉണ്ടാകുന്നു. നമ്മൾ കാണുന്ന എന്തും ഇങ്ങനെ മൂലകങ്ങൾ ചേർന്നുണ്ടായ സംയുക്തങ്ങളാണു. ഉദാഹരണത്തിനു വെള്ളം. വെള്ളത്തിന്റെ ഏറ്റവും ചെറിയ കണികയെ ജല തന്മാത്ര (Molecule) എന്ന് പറയും. അതായത് ഏത് വസ്തുവിന്റെയും ഏറ്റവും ചെറിയ യൂനിറ്റ് തന്മാത്രയാണ്. മൂലകങ്ങൾ ചേർന്ന് തന്മാത്രകൾ ഉണ്ടാകുന്നു. തന്മാത്രകൾ ചേർന്ന് കോശങ്ങൾ ഉണ്ടാകുന്നു. കോശങ്ങൾ ചേർന്ന് ജീവികളുടെ ശരീരങ്ങളും ചെടികളും വൃക്ഷങ്ങളും ഉണ്ടാകുന്നു. ജലതന്മാത്രകൾ ചേർന്ന് വെള്ളവും പുഴകളും സമുദ്രങ്ങളും ഉണ്ടാകുന്നു. വായുതന്മാത്രകൾ ചേർന്ന് നമുക്ക് ചുറ്റുമുള്ള അന്തരീഷം ഉണ്ടാകുന്നു. അന്തരീക്ഷത്തിലെ വായുതന്മാത്രകൾ ചലിക്കുമ്പോൾ കാറ്റ് ഉണ്ടാകുന്നു. രണ്ട് ഹൈഡ്രജൻ മൂലകങ്ങളും ഒരു ഓക്സിജൻ മൂലകവും ചേർന്ന് ഒരു ജലതന്മാത്ര ഉണ്ടാകുന്നു. രണ്ട് ഓക്സിജൻ മൂലകങ്ങൾ ചേർന്ന് ഒരു ഓക്സിജൻ വായുതന്മാത്ര ഉണ്ടാകുന്നു.

വ്യത്യസ്ത മൂലകങ്ങൾ ചേർന്നും ഒരേ മൂലകങ്ങൾ ചേർന്നും തന്മാത്രകൾ ഉണ്ടാകും. അതാണു വെള്ളത്ത്ന്റെയും ഓക്സിജൻ വായുവിന്റെയും ഉദാഹരണം പറഞ്ഞത്.  എന്ത്കൊണ്ടാണ് ഇങ്ങനെ മൂലകങ്ങൾ യോജിക്കുന്നത്? അത് മനസ്സിലാക്കാനാണു നമ്മൾ അണുവിലെ എലക്ട്രോണുകളുടെ ഘടനെ പറ്റി പഠിക്കേണ്ടി വരുന്നത്. ഒന്നാമത്തെ മൂലകമായ ഹൈഡ്രജനിൽ ഒരു എലക്ട്രോണും തൊണ്ണൂറ്റിരണ്ടാമത്തെ മൂലകമായ യുറേനിയത്തിൽ 92 എലക്ട്രോണുകളും ആണുള്ളത് എന്ന് നേരത്തെ പഠിച്ചല്ലൊ. ഏത് മൂലകത്തിലും പ്രോട്ടോണിന്റെയും എലക്ട്രോണിന്റെയും എണ്ണം തുല്യമായിരിക്കും എന്നും പഠിച്ചതാണു. മൂലകത്തിൽ പ്രോട്ടോണുകളും ന്യൂട്രോണുകളും ചേർന്ന ന്യൂക്ലിയസ്സിനെ എലക്ട്രോണുകൾ വിവിധ ഭ്രമണപഥങ്ങളിൽ ചുറ്റിക്കൊണ്ടിരികുന്നു. ഓരോ ഭ്രമണപഥത്തിനും ഷെൽ എന്നാണു പറയുക. ഒരു ഷെല്ലിൽ ഇത്ര എലക്ട്രോണുകൾ മാത്രമേ പാടുള്ളൂ എന്നുണ്ട്. ഓരോ ഷെല്ലിനും സബ്‌-ഷെല്ലും ഉണ്ട്. അത് പിന്നെ പഠിക്കാം. ഷെല്ലുകളെ ഇംഗ്ലീഷ് അക്ഷരമാലയിലെ  K, L, M, N, O, P  എന്ന അക്ഷരങ്ങൾ കൊണ്ടാണ് അറിയപ്പെടുക. ചിത്രം നോക്കുക.
ഉദാഹരണത്തിന് ഒന്നാമത്തെ K ഷെല്ലിൽ 2 എലക്ട്രോൺ ആണുള്ളത്. രണ്ടാമത്തെ L ഷെല്ലിൽ 8 എലക്ട്രോണും മൂന്നാമത്തെ M ഷെല്ലിൽ 18 എലക്ട്രോണും നാലാമത്തെ N ഷെല്ലിൽ 32 എലക്ട്രോണുകളും ആണുള്ളത്.  ഈ 2, 8,18,32 എന്നത് ഒരു മാന്ത്രിക സഖ്യ പോലെയാണു. സബ്‌-ഷെല്ലുകളെ പറ്റി പറഞ്ഞാൽ ഇതിൽ മാറ്റം വരും. എന്നാൽ തുടക്കത്തിൽ അതും പറഞ്ഞാൽ ഗ്രഹിക്കാൻ പ്രയാസമുണ്ടാകും എന്നത് കൊണ്ട് തൽക്കാലം വിടുകയാണ്. മൂലകങ്ങൾക്ക് അതാതിന്റെ എലക്ട്രോൺ ഷെൽ പൂർത്തിയാക്കേണ്ടതുണ്ട്. അങ്ങനെ മൂലകങ്ങൾ തമ്മിൽ എലക്ട്രോണുകളെ കൊടുക്കുകയും വാങ്ങുകയും പങ്ക് വയ്ക്കുകയും ചെയ്യുന്നു. എന്നിട്ട് അതാത് മൂലകങ്ങളിലെ എലക്ട്രോൺ ഷെല്ലുകൾ നിറച്ച് ഭദ്രമാക്കുന്നു.

ഉദാഹരണത്തിനു ഹൈഡ്രജൻ അണുവിൽ ഒരു പ്രോട്ടോണും ഒരു എലക്ട്രോണും മാത്രമാണുള്ളത്. അതായത് ഹൈഡ്രജന്റെ ആകെയുള്ള ഒരു ഷെല്ലിൽ (K) ഒരൊറ്റ എലക്ട്രോൺ മാത്രമേയുള്ളൂ. ഒരു എലക്ട്രോൺ കൂടി കിട്ടിയാൽ ആ ഷെൽ പൂർത്തിയാക്കാമായിരുന്നു. ഓക്സിജന്റെ അണുസഖ്യ 8 ആണ്. അതിന്റെ അർഥം ഓക്സിജൻ മൂലകത്തിൽ 8 എലക്ട്രോൺ ഉണ്ടെന്നും ഒന്നാമത്തെ K എന്ന ഷെല്ലിൽ രണ്ട് എലക്ട്രോണുകളും  L  എന്ന രണ്ടാമത്തെ ഷെല്ലിൽ 6 എലക്ട്രോണുകളും ആണുള്ളത് എന്നാണു. അതായത് ഓക്സിജന് രണ്ടാമത്തെ ഷെൽ പൂർത്തിയാക്കിയേ പറ്റൂ. അതിന് രണ്ട് എലക്ട്രോണുകൾ വേണം. അങ്ങനെ ഓക്സിജൻ മൂലകം രണ്ട് ഹൈഡ്രജൻ മൂലകങ്ങളുമായി യോജിക്കുന്നു. ഇപ്പോൾ എന്തായി? രണ്ട് ഹൈഡ്രജൻ ആറ്റത്തിലെ രണ്ട് എലക്ട്രോണുകളെ കൊണ്ട് ഓക്സിജൻ അതിന്റെ രണ്ടാമത്തെ ഷെൽ പൂർത്തിയാക്കുന്നു. എലക്ട്രോണുകൾ ചുമ്മാ നിൽക്കുകയല്ല. സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.  ആ സഞ്ചാരത്തിനിടയിൽ ഓക്സിജന്റെ രണ്ടാം ഷെല്ലിലെ എലക്ട്രോണുകൾ ഹൈഡ്രജനിലേക്കും , ഹൈഡ്രജന്റെ ഒന്നാം ഷെല്ലിലെ എലക്ട്രോൺ ഓക്സിജനിലേക്കും പോയും വന്നും , രണ്ട് ഹൈഡ്രജൻ അണുക്കളും ഒരു ഓക്സിജൻ അണുവും തൃപ്തിയാകുന്നു എന്ന് മാത്രമല്ല്ല പ്രപഞ്ചത്തിലെ അത്ഭുതം എന്ന് പറയാവുന്ന ജലം എന്ന ദ്രാവകം ഉണ്ടാവുകയും ചെയ്യുന്നു.

മൂലകങ്ങൾ വെറുതെ സംയോജിച്ച് തന്മാത്രകൾ ഉണ്ടാവുകയല്ല, അതിലെ എലക്ട്രോൺ ഷെൽ പൂർത്തിയാക്കി ഊർജ്ജനില സുസ്ഥിരമാക്കാൻ വേണ്ടിയാണു യോജിക്കുന്നത് എന്ന് മനസ്സിലാക്കുക. ഭാരം കൂടിയ മൂലകങ്ങൾ സ്വയം പിളർന്ന് രണ്ട് ലഘുമൂലകങ്ങളായി രൂപാന്തരപ്പെട്ടാണു സുസ്ഥിരത കൈവരിക്കുക. അതൊക്കെ പിന്നീട് വിശദീകരിക്കാം. തന്മാത്രകൾ ഉണ്ടാവുകയും , ഉള്ള തന്മാത്രകൾ വിഘടിക്കുകയും ചെയ്യുക എന്ന രാസപ്രവർത്തനം സദാ നടന്നുകൊണ്ടിരിക്കുന്നു. രണ്ട് തരം പ്രവർത്തനങ്ങളാണ് പ്രകൃതിയിൽ നടക്കുന്നത്. രാസപ്രവർത്തനവും ഭൗതികപ്രവർത്തനവും. അത്കൊണ്ടാണ് രസതന്ത്രവും ഊർജ്ജതന്ത്രവും എന്ന രണ്ട് ശാസ്ത്രശാഖകൾ പ്രധാനമാകുന്നത്. നമ്മൾ എന്തെങ്കിലും കത്തിക്കുമ്പോൾ ആ പദാർഥത്തിലെ കാർബൺ മൂലകവും വായുവിലെ ഓക്സിജൻ തന്മാത്രയും യോജിച്ച് കാർബൺ ഡൈ‌ഓക്സൈഡും പുകയും വെളിച്ചവും ചൂടും ഉണ്ടാകുന്നതാണു രാസപ്രവർത്തനത്തിന്റെ ലളിതമായ  ഉദാഹരണം. വെള്ളം തിളപ്പിക്കുമ്പോൾ അത് നീരാവിയായി മാറുന്നതാണ് ഭൗതികപ്രവർത്തനത്തിന്റെ ഒരുദാഹരണം. ആദ്യത്തേതിൽ പദാർത്ഥത്തിനു രാസമാറ്റവും രണ്ടാമത്തേതിൽ ഭൗതികമാറ്റവും സംഭവിക്കുന്നു.

ഏറ്റവും ചെറിയ കണികയ്ക്ക് അണു എന്ന് പൊതുവിൽ പറയുന്നത് പോലെ പ്രപഞ്ചത്തിൽ ഉള്ള എല്ലാറ്റിനും പൊതുവായി പദാർഥം അഥവാ ദ്രവ്യം എന്ന് പറയുന്നു. പദാർഥം മൂന്ന് അവസ്ഥകളിലാണു സ്ഥിതി ചെയ്യുക. ഖരം, ദ്രാവകം, വാതകം എന്നിവയാണ് ആ മൂന്ന് അവസ്ഥകൾ. നാലമതായി ഒരവസ്ഥയുണ്ട് പ്ലാസ്മ. ഭൂമിയുടെ മധ്യത്തിൽ പദാർഥം പ്ലാസ്മ എന്ന അവസ്ഥയിലാണു സ്ഥിതി ചെയ്യുന്നത്. അതിഭയങ്കരമായ ചൂടാണതിനു കാരണം. ഏത് പദാർഥത്തെയും ഒരവസ്ഥയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ കഴിയും. വെള്ളം ദ്രാവകാവസ്ഥയിൽ ആണെങ്കിലും അത് നീരാവി എന്ന വാതകാവസ്ഥയിലേക്കും ഐസ്‌കട്ട എന്ന ഖരാവസ്ഥയിലേക്കും മാറുന്നത് നമ്മൾ കാണുന്നതാണല്ലൊ.

വ്യവസ്ഥാപിതമായ രീതിയിൽ നിന്ന് വ്യതിചലിച്ച് സാങ്കേതികപദങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് ഞാൻ ഇതെഴുതുന്നത്. ഭാഷാപഠനത്തിനു വ്യാകരണം ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പോലെ സാങ്കേതിക പദങ്ങൾ ശാസ്ത്രപഠനത്തിനും തടസ്സമുണ്ടാക്കും. വായിക്കുമ്പോൾ മനസ്സിൽ വിഷ്വലായി കാണാൻ കഴിയണം എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. സാങ്കേതികതയൊക്കെ പിന്നെ എളുപ്പം പഠിക്കാനാകും. (തുടരും)  

Sunday, September 6, 2015

അണു അഥവാ ആറ്റം-1

നമ്മൾ ജീവിയ്ക്കുന്ന ഈ ഭൂമിയും സൂര്യനും കാറ്റും മഴയും ആകാശവും  പ്രകൃതിയും പ്രപഞ്ചവും എല്ലാം എന്താണെന്ന് മനസ്സിലാക്കാൻ ആദ്യം അണുവിനെ (Atom) കുറിച്ച് പഠിക്കണം. കാരണം ഈ പ്രപഞ്ചത്തിൽ ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാ പദാർഥങ്ങളുടെയും ഏറ്റവും അടിസ്ഥാന ഘടകം അണു ആണ്. സമുദ്രം ഉണ്ടായിട്ടുള്ളത് വളരെ സൂക്ഷ്മമായ ജലകണികൾ ചേർന്നിട്ടാണ്. പർവ്വതങ്ങൾ ഉണ്ടായത് നേരിയ മൺതരികൾ ചേർന്നിട്ടാണ്. കൊടുങ്കാറ്റുകൾ ഉണ്ടാകുന്നത് തീരെ ചെറിയ വായുതന്മാത്രകൾ ചേർന്നിട്ടാണ്. അണുക്കൾ ചേർന്നിട്ടാണ് ഇക്കാണുന്ന സർവ്വവും ഉണ്ടായിട്ടുള്ളത്. അത്കൊണ്ട് പ്രകൃതിയെ പഠിക്കാൻ ശ്രമിക്കുന്ന ആരും ആദ്യം അണു എന്താണു എന്ന് മനസ്സിലാക്കണം. അക്ഷരമാലകൾ ചേർന്നിട്ടാണല്ലൊ ഭാഷയും ഭാഷയിലെ അസംഖ്യം വാക്കുകളും ഉണ്ടാകുന്നത്. അത് പോലെ അണുക്കൾ ചേർന്നിട്ടാണു ഈ പ്രപഞ്ചത്തിലെ സർവ്വവും ഉണ്ടായിട്ടുള്ളത്.

ഏത് പദാർത്ഥവും ചെറുതാക്കാൻ സാധിക്കും. അങ്ങനെ ചെറുതാക്കിയാൽ ഏറ്റവും അവസാനത്തെ കണികയാണ് അണു. പ്രകൃതിയിൽ 92 തരം അണുക്കളാണുള്ളത്. പിന്നെയും 20ലധികം അണുക്കൾ ശാസ്ത്രജ്ഞന്മാർക്ക് ലബോറട്ടറിയിൽ നിർമ്മിച്ചെടുക്കാൻ സാധിക്കും. ഏറ്റവും ചെറിയ ആറ്റം (ഇനി ആറ്റം എന്ന് പറയാം) ഒന്നാമത്തെ ഹൈഡ്രജനാണു. ഏറ്റവും വലുത്  തൊണ്ണൂറ്റിരണ്ടാമത്തെ യുറേനിയവും. ഒന്ന് മുതൽ തൊണ്ണൂറ്റിരണ്ട് വരെ ആറ്റങ്ങളെ ക്രമപ്പെടുത്തിയിരിക്കുന്നത് ആറ്റത്തിനുള്ളിലെ പ്രോട്ടോണുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയിട്ടാണ്. ആറ്റത്തിന്റെ ഉള്ളിൽ പ്രോട്ടോൺ , ന്യൂട്രോൺ , എലക്ട്രോൺ ഇങ്ങനെ മൂന്ന് തരം കണികകൾ ഉണ്ട്. പിന്നെയും ചില സൂക്ഷ്മകണികകൾ ഉണ്ട്. അതിനെ പറ്റി തൽക്കാലം പഠിക്കേണ്ട. അത് കൂടുതൽ സങ്കീർണ്ണമാണു. തുടക്കത്തിൽ ഈ മൂന്ന് അടിസ്ഥാനകണികൾ ചേർന്നതാണു ആറ്റം എന്ന് മനസ്സിൽ വയ്ക്കാം.

ആറ്റത്തിനു മധ്യത്തിൽ പ്രോട്ടോണും ന്യൂട്രോണും ചേർന്ന ന്യൂക്ലിയസ്സും , ആ ന്യൂക്ലിയസ്സിനെ ചുറ്റി ഭ്രമണം ചെയ്യുന്ന എലക്ട്രോണും ഉണ്ട്. പ്രോട്ടോണിന് പോസിറ്റീവ് ചാർജ്ജും എലക്ട്രോണിന് നെഗറ്റീവ് ചാർജ്ജും ആണുള്ളത്. ന്യൂട്രോണിന് ചാർജ്ജ് ഇല്ല. ഒന്നാമത്തെ ആറ്റം ഹൈഡ്രജനിൽ ന്യൂക്ലിയസ്സിൽ ഒരു പ്രോട്ടോണും ഒരു എലക്ട്രോണും ആണുള്ളത്. ന്യൂട്രോൺ ഇല്ല. എല്ലാ ആറ്റങ്ങളിലും പ്രോട്ടോണിന്റെ എണ്ണവും എലക്ട്രോണിന്റെ എണ്ണവും തുല്യമായിരിക്കും. അത്കൊണ്ടാണു നാം കാണുന്ന ഒരു പദാർഥത്തിനും ചാർജ്ജ് ഇല്ലാത്തത്. എന്നാൽ ന്യൂട്രോണിന്റെ എണ്ണം വ്യത്യസ്തമായിരിക്കും.

ഹൈഡ്രജൻ ആറ്റത്തിൽ ന്യൂട്രോൺ ഇല്ല എന്ന് പറഞ്ഞല്ലൊ. പക്ഷെ ന്യൂട്രോൺ ഉള്ള ഹൈഡ്രജൻ ആറ്റങ്ങളും പ്രകൃതിയിൽ ഉണ്ട്. അതിനെ പറ്റി പിന്നീട് മനസ്സിലാക്കാം. സാധാരണഗതിയിൽ ഹൈഡ്രജൻ ആറ്റത്തിൽ മാത്രം ന്യൂട്രോൺ ഇല്ല. രണ്ടാമത്തെ ആറ്റം ഹീലിയമാണ്. ഹീലിയത്തിൽ രണ്ട് പ്രോട്ടോണും രണ്ട് ന്യൂട്രോണും രണ്ട് എലക്ട്രോണും ഉണ്ട്. അങ്ങനെ മൂന്നാമത്തെ ആറ്റം ലീത്തിയത്തിൽ lithium (Li) മൂന്ന് പ്രോട്ടോണും മൂന്ന് ന്യൂട്രോണും മൂന്ന് എലക്ട്രോണും ആണുള്ളത്. തൊണ്ണൂറ്റിരണ്ടാമത്തെ യുറേനിയത്തിൽ 92 പ്രോട്ടോണും 92 എലക്ട്രോണും 146 ന്യൂട്രോണും ആണുള്ളത്.  146ൽ കൂടുതൽ ന്യൂട്രോൺ ഉള്ള യുറേനിയവും ഉണ്ട്. ഐസോടോപ്പ് എന്ന് പറയുന്ന ഇത്തരം ആറ്റങ്ങളെ കുറിച്ച് , ഹൈഡ്രജനെ പറ്റി പറഞ്ഞത് പോലെ തന്നെ പിന്നീട് മനസ്സിലാക്കാം.

ഒരു ആറ്റത്തിൽ എത്ര പ്രോട്ടോൺ ഉണ്ടോ അതാണു ആ ആറ്റത്തിന്റെ ക്രമനമ്പർ സൂചിപ്പിക്കുന്നത്. പ്രോട്ടോണിന്റെ എണ്ണം കൂടുമ്പോൾ ആറ്റത്തിന്റെ ഭാരം കൂടുന്നു. ഏറ്റവും ഭാരം കുറഞ്ഞ ആറ്റം ഹൈഡ്രജനും ഏറ്റവും ഭാരം കൂടിയ ആറ്റം യുറേനിയവും ആണു. യുറേനിയത്തേക്കാളും ഭാരം കൂടിയ ആറ്റങ്ങൾ കൃത്രിമമായി ലബോറട്ടറിയിൽ നിർമ്മിക്കുമെങ്കിലും അത്തരം ആറ്റങ്ങളുടെ ആയുസ്സ് ക്ഷണികമാണു. ഭാരം കൂടിയ ആറ്റങ്ങൾ പെട്ടെന്ന് പിളർന്ന് സ്ഥിരതയുള്ള ചെറിയ ആറ്റങ്ങളായി മാറാൻ ശ്രമിക്കും. പ്രോട്ടോണിന്റെ എണ്ണത്തിനു തുല്യമായ എലക്ട്രോണും ഉണ്ടാകുന്നത് കൊണ്ട് ആറ്റങ്ങൾക്ക് ചാർജ്ജ് ഇല്ല എന്ന് ആദ്യമേ പറഞ്ഞല്ലൊ. പ്രോട്ടോണും ന്യൂട്രോണും ചേർന്നതാണു ഒരു ആറ്റത്തിന്റെ ഭാരം അല്ലെങ്കിൽ മാസ്സ്. എലക്ട്രോണിനു ഭാരം പറയാൻ മാത്രം ഇല്ല.

ആറ്റത്തിന്റെ മദ്യത്തിലെ ന്യൂക്ലിയസ്സിലാണു പ്രോട്ടോണുകളും ന്യൂട്രോണുകളും ചേർന്ന് നിൽക്കുന്നത്. ന്യൂക്ലിയസ്സിനെ ചുറ്റി എലക്ട്രോണുകൾ ഭ്രമണം ചെയ്യുന്നു. ആറ്റത്തിൽ ന്യൂക്ലിയസ്സിനും എലക്ട്രോണുകളുടെ ഭ്രമണപഥത്തിനും ഇടയിൽ സൗരയൂഥത്തിൽ സൂര്യനും ഭൂമിക്കും എന്ന പോലെ ഇടവെളിയുണ്ട്. ആറ്റത്തെ നമുക്ക് കണ്ണ് കൊണ്ട് കാണാൻ കഴിയാത്തത്കൊണ്ട് ആറ്റത്തിന്റെ ഘടന മനസ്സിൽ സങ്കൽപ്പിക്കാനേ കഴിയൂ. ആറ്റത്തെ കുറിച്ച് ഇത്രയും മനസ്സിലാക്കിയാൽ പിന്നെ പ്രധാനമായി മനസ്സിലാകേണ്ടത്, ആറ്റത്തിന്റെ ഉൾഭാഗത്ത് പ്രോട്ടോണുകളും ന്യൂട്രോണുകളും ചേർന്ന ന്യൂക്ലിയസ്സിനെ ചുറ്റി എലക്ട്രോണുകൾ ഭ്രമണം ചെയ്യുന്ന രീതിയാണു. അതാണു ഏറ്റവും പ്രധാനവും നിർണ്ണായകവും. എലക്ട്രോണുകളുടെ ഈ സഞ്ചാരപഥത്തിന്റെ പ്രത്യേകതയിൽ നിന്നാണു എലക്ട്രോണിക്സ് തന്നെ ആരംഭിക്കുന്നത്. അതിനെ പറ്റി അടുത്ത പോസ്റ്റിൽ പറയാം.

( തുടർന്ന് എഴുതാൻ പോകുന്ന അദ്ധ്യായങ്ങളുടെ ആദ്യത്തെ പോസ്റ്റ് ആണിത്. എനിക്ക് മനസ്സിലാകുന്നത് പോലെ ലളിതമായി മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനാണു ശ്രമിക്കുന്നത്. ഇതിൽ തെറ്റ് വല്ലതും ഉണ്ടെങ്കിൽ അറിവുള്ളവർ ചൂണ്ടിക്കാണിച്ചാൽ ഉപകാരമായിരിക്കും)

Friday, December 10, 2010

ആവര്‍ത്തനപ്പട്ടിക ; അതിശയങ്ങളുടെ താക്കോല്‍ !


ആവര്‍ത്തനപ്പട്ടിക (ഇവിടെ ക്ലിക്ക് ചെയ്യുക) യില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ട് . ഞാന്‍ വസ്തുതകള്‍ ജനറലായി പറഞ്ഞു പോവുകയാണ് ചെയ്യുക . കൂടുതല്‍ മനസ്സിലാക്കാന്‍ താല്പര്യമുള്ളവര്‍ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ നിന്നോ ലഭ്യമായ മറ്റു മാര്‍ഗ്ഗങ്ങളില്‍ കൂടിയോ കാര്യങ്ങള്‍ ഗ്രഹിക്കേണ്ടതുണ്ട് . നമ്മള്‍ നിത്യജീവിതത്തില്‍ പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു, മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അത്ഭുതങ്ങളുടെ കലവറയായ പ്രകൃതിയെക്കുറിച്ചും അവിടെ നടക്കുന്ന രാസ-ഭൌതിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കാനും നാം ശ്രമിക്കേണ്ടതുണ്ട് . നമ്മുടെ ശരീരം വളരെ സങ്കീര്‍ണ്ണമായ ഒരു യന്ത്രം പോലെയാണ് . അത് എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് നമ്മള്‍ മനസ്സിലാക്കണ്ടെ ? ഒരു വസ്തുവിനെ നമ്മള്‍ എങ്ങിനെ കാണുന്നു ? അത് തന്നെ ഒരു അത്ഭുതകരമായ പ്രവര്‍ത്തനമാണ് . അങ്ങിനെ നോക്കുമ്പോള്‍ നമ്മുടെ ചുറ്റുപാടുകള്‍ അത്യന്തം അതിശയകരണ് . ഇതിനെപ്പറ്റിയെല്ലാം നമുക്ക് ഒരു ജിജ്ഞാസ തോന്നേണ്ടതാണ് . സയന്‍സ് പഠിക്കുമ്പോള്‍ നമ്മുടെ അകക്കണ്ണ് തുറക്കുന്നു ; എല്ലാറ്റിനേയും കുറിച്ചു ഒരു ഉള്‍ക്കാഴ്ച ലഭിക്കുന്നു. ഒരു ഭാഷയൊ , സാഹിത്യമോ പഠിക്കണമെങ്കില്‍ അദ്യം അതിലെ അക്ഷരമാല പഠിക്കണം . അതേപോലെ സയന്‍സ് പഠിക്കണമെങ്കില്‍ ആദ്യം ആറ്റങ്ങളെ കുറിച്ചു പഠിക്കണം . പ്രപഞ്ചം എന്ന മഹാഗ്രന്ഥത്തിന്റെ അക്ഷരമാലയാണ് ആറ്റങ്ങള്‍

ഇവിടെ   ക്ലിക്ക് ചെയ്താല്‍ ക്രിപ്ടണ്‍ എന്ന മൂലകത്തെ പറ്റി വിവരിച്ചിരിക്കുന്നത് കാണാം . 36-മത്തെ മൂലകമാണ് ക്രിപ്ടണ്‍ . Kr എന്നത് അതിന്റെ പ്രതീകവും (symbol) , 83.80 എന്നത് അതിന്റെ അണുഭാരവുമാണ് . ഏതൊരു അണുവിനും ഭാരമുണ്ടല്ലോ . അണുവിന്റെ ഭാരം എന്നത് അതില്‍ അടങ്ങിയിട്ടുള്ള ദ്രവ്യ (mass) ത്തിന്റെ അളവാണ് . പൊതുവായി പറഞ്ഞാല്‍ അണുവിന്റെ ന്യൂക്ലിയസ്സിലുള്ള ന്യുട്രോണിന്റെയും,പ്രോട്ടോണിന്റെയും ആകെത്തുകയാണ് അണുവിന്റെ ഭാരം എന്നത് . ഇലക്ട്രോണിന്റെ ഭാരം വളരെ നിസ്സരമാകയാല്‍ നമുക്കത് അവഗണിക്കാം . carbon-12 നെ അടിസ്ഥാനപ്പെടുത്തിയാണ് അണുഭാരം ശാസ്ത്രീയമായി നിര്‍ണ്ണയിക്കുന്നത് . നമ്മള്‍ തല്‍ക്കാലം അങ്ങോട്ട് കടക്കേണ്ട . അപ്പോള്‍ ക്രിപ്ടണ്‍ എന്ന അണുവിന്റെ ഭാരം 83.80 എന്നത് റൌണ്ട് ചെയ്ത് 84 ആക്കിയാല്‍ അതിന്റെ കേന്ദ്രത്തില്‍ 36 പ്രോട്ടോണുകളും 48 ന്യൂട്രോണുകളും ഉണ്ടെന്ന് മനസ്സിലാക്കാം . 

ഒരേ ഇനത്തില്‍ തന്നെയുള്ള ആറ്റങ്ങളില്‍ ചിലതിന്റെ ന്യൂക്ലിയസ്സില്‍ ന്യൂട്രോണുകളുടെ എണ്ണം അധികമായിരിക്കും . അത്തരം ആറ്റങ്ങളെ ആ അണുവിന്റെ തന്നെ ഐസൊടോപ്പ് (isotope) എന്ന് പറയുന്നു. ഉദഹരണത്തിന് ഹൈഡ്രജന്‍ ആറ്റത്തിന്റെ ന്യൂക്ലിയസ്സില്‍ ഒരു പ്രോട്ടോണ്‍ മാത്രമേയുള്ളൂ . ന്യൂട്രോണ്‍ ഇല്ല . എന്നാല്‍ ചില ഹൈഡ്രജന്‍ ആറ്റത്തില്‍ ഒരു ന്യൂട്രോണും മറ്റുചിലതില്‍ രണ്ട് ന്യൂട്രോണുകളും കാണാം . ഇവയെ ഹൈഡ്രജന്റെ ഐസോടോപ്പുകള്‍ എന്നു പറയുന്നു. മിക്കവാറും എല്ലാ മൂലകങ്ങള്‍ക്കും ഒന്നില്‍ കൂടുതല്‍ ഐസോടോപ്പുകള്‍ ഉണ്ടെന്ന് പറയാം . 
ഐസോടോപ്പുകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഹൈഡ്രജന്റെ ന്യൂക്ലിയസ്സില്‍ ഒരു ന്യൂട്രോണ്‍ ഉള്ള ഐസോടോപ്പിനെ ഡ്യൂറ്റീരിയം (Deuterium) എന്നും, രണ്ട് ന്യൂട്രോണുകള്‍ ഉള്ളതിനെ ട്രീഷ്യം എന്നും (Tritium) പറയുന്നു. വെള്ളം അഥവാ ജലം രണ്ട് ഹൈഡ്രജന്‍ ആറ്റവും ഒരു ഓക്സിജന്‍ ആറ്റവും സംയോജിച്ചുണ്ടായ (H2O) പദാര്‍ത്ഥമാണെന്നറിയാമല്ലോ . ഭൂമിയിലുള്ള മിക്കവാറും മുഴുവന്‍ ജലവും ഉണ്ടായിട്ടുള്ളത് സാധാരണ ഹൈഡ്രജന്‍ ആറ്റം ഓക്സിജനുമായി സംയോജിച്ചിട്ടാണ് . എന്നാല്‍ ഹൈഡ്രജന്റെ ഐസോടോപ്പുകളായ ഡ്യൂറ്റീരിയം , ട്രീഷ്യം എന്നിവ ഓക്സിജനുമായി സംയോജിച്ചുണ്ടായ ജലവുമുണ്ട് . അതിനെ ഘനജലം (heavy water) എന്നു പറയുന്നു. ഘനജലത്തിന് വമ്പിച്ച വ്യാവസായികപ്രാധാന്യമുണ്ട് . ആണവ റിയാക്ടറുകളുടെ പ്രവര്‍ത്തനത്തിന് ഘനജലം വേണം . അതേപ്പറ്റി പിന്നീട് വിസ്തരിക്കാം .

ആറ്റങ്ങളെ കുറിച്ചു പഠിക്കുമ്പോള്‍ ഐസോടോപ്പുകളെ പോലെ പ്രാധാന്യമുള്ള മറ്റൊന്നാണ് അയണുകള്‍ (ion). സാധാരണയായി ഒരു ആറ്റത്തില്‍ നിന്ന് ഒരു ഇലക്ട്രോണ്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍, ഒരു ഇലക്ട്രോണ്‍ ആറ്റത്തില്‍ വന്നു ചേരുകയോ ചെയ്യുമ്പോള്‍ ആ ആറ്റത്തെ അതിന്റെ അയണ്‍ എന്നു പറയുന്നു. അയണുകള്‍ക്ക് ഏറ്റവും നല്ല ഉദാഹരണമാണ് സോഡിയവും ക്ലോറിനും .

പതിനൊന്നാമത്തെ മൂലകമാണ് സോഡിയം (sodium) . സോഡിയത്തിന്റെ ന്യൂക്ലിയസ്സില്‍ 11 പ്രോട്ടോണുകളും 11 ന്യൂട്രോണുകളും , k . l . m എന്നീ ഷെല്ലുകളിലായി 11 ഇലക്ട്രോണുകളുമാണുള്ളത് . ഇതില്‍ 2 ഇലക്ട്രോണ്‍ കൊണ്ട് ആദ്യത്തെ k ഷെല്ലും 8 ഇലക്ട്രോണ്‍ കൊണ്ട് രണ്ടാമത്തെ l ഷെല്ലും പൂര്‍ത്തിയായി . മൂന്നാമത്തെ ഷെല്‍ ആയ m പൂര്‍ത്തിയാകണമെങ്കില്‍ 8 ഇലക്ട്രോണ്‍വേണമായിരുന്നു. എന്നാല്‍ ഒരു ഇലക്ട്രോണ്‍ മാത്രമേ ബാക്കിയുള്ളൂ . ആ ഷെല്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ 7 ഇലക്ട്രോണുകളെ സംഘടിപ്പിക്കുക അത്ര എളുപ്പമല്ല . അതുകൊണ്ട് മൂന്നാമത്തെ ഷെല്ലിലെ ഒരു ഇലക്ട്രോണിനെ സോഡിയം ഉപേക്ഷിക്കുന്നു . അപ്പോള്‍ സോഡിയം 11 പ്രോട്ടോണുകളും 10 ഇലക്ട്രോണുകളുമുള്ള ഒരു അയണ്‍ ആയി മാറുന്നു. കാരണം അതില്‍ ഇപ്പോള്‍ പോസിറ്റീവ് ചാര്‍ജ്ജുള്ള ഒരു പ്രോട്ടോണ്‍ കൂടുതലാണ് . ഇങ്ങിനെ പോസിറ്റീവ് ആയ അയണിനെ കാറ്റിയോണ്‍ (cation (cat-eye-on) ) എന്നു പറയുന്നു . പോസിറ്റീവ് അയണുകളെ കാത്തോഡ് (cathode) ആകര്‍ഷിക്കുന്നത് കൊണ്ടാണ് ഈ പേര്‍ വരാന്‍ കാരണം . 
ഇനി ക്ലോറിന്റ കാര്യമെടുക്കാം . 17-മത്തെ മൂലകമാണ് ക്ലോറിന്‍ (chlorine ) . സോഡിയത്തിന്റെ കാര്യത്തില്‍ മൂന്നാമത്തെ ഷെല്ലില്‍ ഒരു ഇലക്ട്രോണ്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ക്ലോറിന്റെ മൂന്നാം ഷെല്ലില്‍ 7 എണ്ണമുണ്ട് . ഈ ഏഴ് ഇലക്ട്രോണുകളെയും അപ്പാടെ ഉപേക്ഷിക്കാന്‍ ക്ലോറിന് മനസ്സില്ല. അതുകൊണ്ട് മൂന്നാമത്തെ ഷെല്‍ പുര്‍ത്തിയാക്കാന്‍ ക്ലോറിന്‍ ഒരു ഇലക്ട്രോണിനെ സ്വീകരിക്കുന്നു. അങ്ങിനെ ക്ലോറിന്‍ ഒരു നെഗറ്റീവ് അയണ്‍ ആയി മാറുന്നു. കാരണം ഇപ്പോള്‍ അതില്‍ 17 പ്രോട്ടോണുകളും 18 ഇലക്ട്രോണുകളുമാണുകളുമാണുള്ളത് . ഇങ്ങിനെ നെഗറ്റീവ് ആയ അയണുകളെ ആനൈയോണ്‍ ( Anion (an-eye-on) ) എന്നു പറയുന്നു . നെഗറ്റീവ് അയണുകളെ ആനോഡ് (anode) ആകര്‍ഷിക്കുന്നത് കൊണ്ടാണ് ഈ പേര്‍ വരാന്‍ കാരണം .

ഇങ്ങിനെ പോസിറ്റീവ് അയണ്‍ ആയ സോഡിയവും, നെഗറ്റീവ് അയണ്‍ ആയ ക്ലോറിനും കൂടിച്ചേര്‍ന്നുണ്ടായ സംയുക്തമാണ് (compound) നാം നിത്യവും ഉപയോഗിക്കുന്ന കറിയുപ്പ് അഥവാ സോഡിയംക്ലോറൈഡ് (NaCl) . ഉപ്പിന് ജൈവശാസ്ത്രപരമായും , വ്യാവസായികമായും വമ്പിച്ച പ്രാധാന്യമാണുള്ളത് . എവിടെ നിന്നാണ് നമുക്ക് കറിയുപ്പ് ലഭിക്കുന്നത് ? പണ്ടൊക്കെ കടല്‍ജലം വറ്റിച്ച് ഉപ്പ് കുറുക്കിയെടുക്കുകയായിരുന്നു പതിവ് . ഇന്ന് അത് പ്രായോഗികമല്ല . അത്കൊണ്ട് ഉപ്പു പാറകളില്‍ (Rock salt ) നിന്ന് വ്യാവസായികാടിസ്ഥാനത്തില്‍ ഉപ്പ് ഖനനം ചെയ്ത് വിപണനം ചെയ്യപ്പെടുകയാണ് ഇന്ന് . ഇങ്ങിനെ ഉണ്ടാക്കുന്ന ഉപ്പുകളില്‍ അയഡിന്‍ ചേര്‍ക്കണമെന്ന് ഗവണ്മെന്റ് നിയമം മൂലം നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട് . കടല്‍ജലത്തില്‍ അയഡിന്‍ ഉണ്ടായിരുന്നത് കൊണ്ട് , കടല്‍ജലം വറ്റിച്ചുണ്ടാക്കുന്ന ഉപ്പിലും അയഡിന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഉപ്പുപാറകളില്‍ അയഡിന്‍ ഇല്ല . അയഡിന്‍ നമ്മുടെ ശരീരത്തിന് വളരെ അത്യന്താപേക്ഷിതമായ ഒരു മൂലകമാണ് . അയഡിന്റെ അഭാവം മൂലമാണ് ഗോയിറ്റര്‍ (തൊണ്ടവീക്കം ) എന്ന അസുഖം ഉണ്ടാവുന്നത് .

(തുടരും)

Tuesday, January 27, 2009

പ്രമേഹം

പ്രമേഹത്തിന് ഷുഗര്‍ എന്നാണ് പൊതുവെ പറയുന്നത്. ഷുഗറും ബി.പി.യും വി.ഐ.പി. രോഗമാണെന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ ഇത് രണ്ടും സാര്‍വ്വത്രികമായിട്ടുണ്ട്. എന്താണ് പ്രമേഹം എന്ന് ലളിതമായി വിവരിക്കാനാണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത്. പ്രമേഹം ഉള്ളവര്‍ സാധാരണ പഞ്ചസാര വര്‍ജ്ജിക്കുന്നതിന് ശാസ്ത്രീയമായ കാരണങ്ങളൊന്നും കാണുന്നില്ല. നാം കഴിക്കുന്ന പഞ്ചസാര എളുപ്പത്തില്‍ ദഹിക്കുമെന്ന ധാരണ കൊണ്ടോ മുത്രത്തില്‍ പഞ്ചസാര എന്ന ശൈലി പ്രചാരത്തില്‍ വന്നത് കൊണ്ടോ മറ്റോ ആണെന്ന് തോന്നുന്നു ആളുകള്‍ ചായയിലും മറ്റ് പാനീയങ്ങളിലും ടേബിള്‍ ഷുഗര്‍ എന്ന് പറയുന്ന പഞ്ചസാര ഒഴിവാക്കുന്നത്. അതേ പോലെ അരിഭക്ഷണം ഒഴിവാക്കണം എന്ന് പറയുന്നതും ശരിയല്ല. എല്ലാ ഭക്ഷണ പദാര്‍ത്ഥങ്ങളിലും പ്രധാന ഘടകമാണ് അന്നജം അല്ലെങ്കില്‍ കര്‍ബോഹൈഡ്രേറ്റുകള്‍. എന്ത് കഴിക്കുന്നു എന്നതല്ല പ്രശ്നം എത്ര കഴിക്കുന്നു എന്നതാണ്. ഓരോ ഭക്ഷണ പദര്‍ത്ഥം കഴിക്കുമ്പോഴും അത് ദഹിച്ചു രക്തത്തില്‍ പഞ്ചസാരയുടെ(ഗ്ലൂക്കോസ്) അളവ് എത്ര വര്‍ദ്ധിപ്പിക്കുന്നു എന്ന് കണക്കാക്കുന്ന സൂചികയാണ് ഗ്ലൈസീമിക് ഇന്‍ഡെക്സ് (Glycemic Index).

ഉപാപചയപ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന അവസ്ഥയാണ് പ്രമേഹം എന്ന് ഒറ്റവാക്കില്‍ പറയാം(Diabetes is a disorder of metabolism). നാം കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് നമ്മുടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നതിനും പിന്നെ വളര്‍ച്ചയ്ക്കും മെയിന്റനന്‍സിനും ആവശ്യമായ പോഷകഘടകങ്ങള്‍ക്ക് വേണ്ടിയുമാണ്. ഊര്‍ജ്ജദായകമായ പദാര്‍ത്ഥങ്ങളെ പൊതുവെ കര്‍ബോഹൈഡ്രേറ്റ് എന്നാണ് പറയുക. നാം കഴിക്കുന്ന ചോറ്,പഴവര്‍ഗ്ഗങ്ങള്‍,കിഴങ്ങുകള്‍ തുടങ്ങിയ എല്ലാവറ്റിലും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. ഭക്ഷണം ദഹിക്കുക എന്ന് പറഞ്ഞാല്‍ ഈ കാര്‍ബോഹൈഡ്രേറ്റുകള്‍ ചെറിയ കണികകളായ ഗ്ലൂക്കോസ് ആയി മാറുക എന്നാണര്‍ത്ഥം. വിഷയം പ്രമേഹം ആയത് കൊണ്ട് പ്രോട്ടീന്‍ തുടങ്ങിയ ഘടകങ്ങളെ ഇവിടെ പരാമര്‍ശിക്കുന്നില്ല. അങ്ങനെ നാം കഴിക്കുന്ന ആഹാരങ്ങളില്‍ നിന്ന് ഗ്ലൂക്കോസ് ആണ് രക്തത്തില്‍ പ്രവേശിക്കുന്നത്. പ്രത്യേകം ശ്രദ്ധിക്കുക, നാം എന്ത് കഴിച്ചാലും അത് ചോറോ,പയറോ,പഴമോ,കിഴങ്ങോ,പാലോ,ഇറച്ചിയോ ഇപ്പറഞ്ഞ സാധാരണ പഞ്ചസാരയോ എന്തോ ആകട്ടെ അവയില്‍ അടങ്ങിയിട്ടുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ ഗ്ലൂക്കോസ് ആയി ചെറുതാക്കപ്പെട്ട ശേഷം മാത്രമേ രക്തത്തില്‍ കടക്കുകയുള്ളൂ.

പഞ്ചസാര യുടെ കാര്യത്തില്‍ അത് രണ്ട് ഗ്ലൂക്കോസ് കണികയ്ക്ക് സമമാണ്. സങ്കേതികമായി പറഞ്ഞാല്‍ ഒരു ഗ്ലൂക്കോസ് തന്മാത്രയും ഒരു ഫ്രക്ടോസ് തന്മാത്രയും ചേര്‍ന്നതാണ് പഞ്ചസാരയുടെ കണിക. സൂക്രോസ് എന്ന് രാസനാമം. നാം പാനീയങ്ങളില്‍ ചേര്‍ത്ത് കഴിക്കുന്ന സൂക്രോസ് എന്ന പഞ്ചസാരയും മറ്റ് പദാര്‍ത്ഥങ്ങളോടൊപ്പം വിഘടിക്കപ്പെട്ട് ഗ്ലൂക്കോസ് ആയി മാറുന്നു. രക്തത്തില്‍ കലര്‍ന്ന ഗ്ലൂക്കോസ്, അത് ഏത് പദാര്‍ത്ഥത്തില്‍ നിന്ന് വിഘടിക്കപ്പെട്ടതായാലും ഒന്ന് തന്നെ. ഈ ഗ്ലൂക്കോസ് ആണ് ശരീരം ഊര്‍ജ്ജത്തിനായി ഉപയോഗിക്കുന്നത്. അതായത് രക്തത്തില്‍ പ്രവേശിച്ച ഗ്ലൂക്കോസ് ശരീരകോശങ്ങളില്‍ എത്തി ഓരോ കോശങ്ങളില്‍ വെച്ചും അത് വീണ്ടും വിഘടിപ്പിക്കപ്പെടുകയും ഊര്‍ജ്ജം ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഗ്ലൂക്കോസ് രക്തത്തില്‍ നിന്നും കോശങ്ങളിലേക്ക് കടക്കണമെങ്കില്‍,രക്തത്തിലേക്ക് ഒരു ഹോര്‍മോണ്‍ സ്രവിക്കപ്പെടണം. അതാണ് ഇന്‍സുലിന്‍!


പാന്‍‌ക്രിയാസ് എന്ന ഗ്രന്ഥിയാണ് ഇന്‍സുലിന്‍ ഉല്പാദിപ്പിച്ച് രക്തത്തില്‍ സ്രവിക്കുന്നത്. രക്തത്തിലേക്ക് വിവിധ ഗ്രന്ഥികള്‍ സ്രവിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് പൊതുവായ പേരാണ് ഹോര്‍മോണ്‍ എന്നത്. കുടലിന് പിന്നിലുള്ള പാന്‍‌ക്രിയാസ് ഗ്രന്ഥിയുടെ സ്ഥാനം ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. നാം കഴിക്കുന്ന ആഹാരങ്ങള്‍ക്ക് കണക്കായി പാന്‍‌ക്രിയാസ് ഗ്രന്ഥി സ്വമേധയാ ഇന്‍സുലിന്‍ ഉല്പാദിപിച്ച് ഗ്ലൂക്കോസിനെ കോശങ്ങളില്‍ എത്തിക്കാന്‍ സഹായിക്കുന്നു. ആവശ്യത്തിനനുസരിച്ച് ഇന്‍സുലിന്‍ പാന്‍‌ക്രിയാസ് ഗ്രന്ഥി ഉല്പാദിപ്പിക്കാതിരിക്കുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയാം. ഒന്നുകില്‍ ഉല്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ അപര്യാപ്തമാണ്, അല്ലെങ്കില്‍ ഉല്പാദിപ്പിക്കുന്ന ഇന്‍സുലിനോട് കോശങ്ങള്‍ പ്രതികരിക്കുന്നില്ല. ഇന്‍‌സുലിന്‍ തന്നെ പ്രശ്നം! ഇന്‍സുലിന്‍ അപര്യാപ്തമായ പരിസ്ഥിതിയില്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുകയും, അത് മൂത്രത്തിലുടെ ശരീരം പുറന്തള്ളുകയും ചെയ്യുന്നു. രക്തത്തിന്റെ ഒരു ബാലന്‍സ് ശരീരം നിലനിര്‍ത്തേണ്ടത് കൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത്. ഈ അവസ്ഥയെയാണ് നാം മൂത്രത്തില്‍ പഞ്ചസാര എന്ന് സാധാരണ പറയുന്നത്. ഗ്ലൂക്കോസും സാധാരണ പഞ്ചസാരയും തമ്മിലുള്ള വ്യത്യാസം സാധാരണക്കാര്‍ മനസ്സിലാക്കുന്നില്ല.
മൂന്ന് തരത്തിലുള്ള പ്രമേഹമുണ്ട്. type 1 diabetes , type 2 diabetes, gestational diabetes എന്നിങ്ങനെ. ഇതില്‍ ഒന്നാമത്തെ ടൈപ്പ് പ്രമേഹത്തെ autoimmune disease എന്ന് പറയും. ശരീരത്തിലെ രോഗപ്രതിരോധസംവിധാനം തന്നെ ഏതെങ്കിലും ശരീ‍ര ഭാഗത്തെ പ്രതിരോധിച്ച് തകരാറിലാക്കുന്ന പ്രതിഭാസമാണിത്. ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്ന പാന്‍‌ക്രിയാസ് ഗ്രന്ഥിയുടെ ചില കോശങ്ങളെ (Beta cells) ശരീരത്തിലെ immune system തന്നെ നശിപ്പിക്കുകയും അങ്ങനെ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. ഇത് ബാധിച്ച രോഗികള്‍ക്ക് നിത്യേന ഇന്‍സുലിന്‍ നല്‍കേണ്ടി വരും. അത്ര സര്‍വ്വസാധാരണമല്ലാത്ത ഈ രോഗത്തിന്റെ കാരണങ്ങള്‍ ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ടില്ല.
സാധാരണയായി കണ്ടു വരുന്ന പ്രമേഹത്തെ type 2 diabetes എന്നാണ് പറയുന്നത്. പ്രമേഹ രോഗികളില്‍ 95 ശതമാനവും ഈ ഗണത്തില്‍ പെടും. പ്രായാധിക്യം, അമിതമായ ശരീരവണ്ണം, ഭാരം, വ്യായാമരാഹിത്യം, ആഹാരശീലങ്ങള്‍ പിന്നെ പാരമ്പര്യം തുടങ്ങിയ കാരണങ്ങളാലാണ് ഇത് പിടിപെടുന്നത്. ഗര്‍ഭധാരണസമയത്ത് ഉണ്ടാവുന്നതാണ് gestational diabetes എന്ന മൂന്നാമത്തെ ഗണത്തില്‍ പെടുന്നത്.
പ്രമേഹത്തെ പറ്റി ഒരു സാമാന്യ ധാരണ ഉണ്ടാക്കാന്‍ വേണ്ടിയാ‍ണ് ഈ പോസ്റ്റ്. താല്പര്യമുള്ളവര്‍ക്ക് ഈ സൈറ്റ് നോക്കാവുന്നതാണ്.