Tuesday, September 8, 2015

അണു അഥവാ ആറ്റം - 2

ജീവൻ ഉള്ളതും ഇല്ലാത്തതുമായ എല്ലാ പദാർഥങ്ങളുടെയും ഏറ്റവും ചെറിയ യൂനിറ്റ് അണു ആണെന്നും , അണുവിൽ പ്രോട്ടോൺ, ന്യൂട്രോൺ , എലക്ട്രോൺ എന്ന് മൂന്ന് കണികൾ ഉണ്ടെന്നും നമ്മൾ മനസ്സിലാക്കി. എലക്ട്രോണിന് നെഗറ്റീവ് ചാർജ്ജാണുള്ളത്. എലക്ട്രോൺ പിന്നെയും ചെറുതാക്കാൻ പറ്റില്ല. പോസിറ്റീവ് ചാർജ്ജ് ഉള്ള പ്രോട്ടോണും ചാർജ്ജ് ഇല്ലാതെ ന്യൂട്രൽ ആയ ന്യൂട്രോണും പിന്നെയും ചെറിയ കണികകളായി മാറും. അത് ഇപ്പോൾ പഠിക്കേണ്ട. നമ്മുടെ ശരീരം കോടാനുകോടി അണുക്കൾ ചേർന്ന് ഉണ്ടായതാണ്. അങ്ങനെ നാം കാണുന്ന എന്തും അണുക്കൾ ചേർന്ന് ഉണ്ടായതാണ്. അണു എന്നത് എല്ലാറ്റിന്റെയും ഏറ്റവും ചെറിയ യൂനിറ്റിന് പൊതുവായി പറയുന്ന പേരാണ്. വിവിധ അണുക്കളുണ്ട്. ഓരോ അണുവിലും ഉള്ള പ്രോട്ടോണിന്റെ എണ്ണതിനനുസരിച്ച് വ്യത്യാസപെടുന്ന അണുക്കളെ മൂലകം (Element) എന്ന് പറയും. ഉദാഹരണത്തിനു ഒരു പ്രോട്ടോൺ ഉള്ള മൂലകം ഹൈഡ്രജൻ. രണ്ട് പ്രോട്ടോൺ ഉള്ള മൂലകം ഹീലിയം. ആറ് പ്രോട്ടോൺ ഉള്ള മൂലകം കാർബൺ, എട്ട് പ്രോട്ടോൺ ഉള്ള മൂലകം ഓക്സിജൻ എന്നിങ്ങനെ. പ്രോട്ടോണുകളുടെ എണ്ണമാണു ഒരോ മൂലകത്തെയും നിർണ്ണയിക്കുന്നത് എന്ന് സാരം.

പ്രകൃതിയിൽ തൊണ്ണൂറോളം മൂലകങ്ങൾ മാത്രമാണുള്ളത്. മൂലകങ്ങൾ ചേർന്ന് സംയുക്തങ്ങൾ ഉണ്ടാകുന്നു. നമ്മൾ കാണുന്ന എന്തും ഇങ്ങനെ മൂലകങ്ങൾ ചേർന്നുണ്ടായ സംയുക്തങ്ങളാണു. ഉദാഹരണത്തിനു വെള്ളം. വെള്ളത്തിന്റെ ഏറ്റവും ചെറിയ കണികയെ ജല തന്മാത്ര (Molecule) എന്ന് പറയും. അതായത് ഏത് വസ്തുവിന്റെയും ഏറ്റവും ചെറിയ യൂനിറ്റ് തന്മാത്രയാണ്. മൂലകങ്ങൾ ചേർന്ന് തന്മാത്രകൾ ഉണ്ടാകുന്നു. തന്മാത്രകൾ ചേർന്ന് കോശങ്ങൾ ഉണ്ടാകുന്നു. കോശങ്ങൾ ചേർന്ന് ജീവികളുടെ ശരീരങ്ങളും ചെടികളും വൃക്ഷങ്ങളും ഉണ്ടാകുന്നു. ജലതന്മാത്രകൾ ചേർന്ന് വെള്ളവും പുഴകളും സമുദ്രങ്ങളും ഉണ്ടാകുന്നു. വായുതന്മാത്രകൾ ചേർന്ന് നമുക്ക് ചുറ്റുമുള്ള അന്തരീഷം ഉണ്ടാകുന്നു. അന്തരീക്ഷത്തിലെ വായുതന്മാത്രകൾ ചലിക്കുമ്പോൾ കാറ്റ് ഉണ്ടാകുന്നു. രണ്ട് ഹൈഡ്രജൻ മൂലകങ്ങളും ഒരു ഓക്സിജൻ മൂലകവും ചേർന്ന് ഒരു ജലതന്മാത്ര ഉണ്ടാകുന്നു. രണ്ട് ഓക്സിജൻ മൂലകങ്ങൾ ചേർന്ന് ഒരു ഓക്സിജൻ വായുതന്മാത്ര ഉണ്ടാകുന്നു.

വ്യത്യസ്ത മൂലകങ്ങൾ ചേർന്നും ഒരേ മൂലകങ്ങൾ ചേർന്നും തന്മാത്രകൾ ഉണ്ടാകും. അതാണു വെള്ളത്ത്ന്റെയും ഓക്സിജൻ വായുവിന്റെയും ഉദാഹരണം പറഞ്ഞത്.  എന്ത്കൊണ്ടാണ് ഇങ്ങനെ മൂലകങ്ങൾ യോജിക്കുന്നത്? അത് മനസ്സിലാക്കാനാണു നമ്മൾ അണുവിലെ എലക്ട്രോണുകളുടെ ഘടനെ പറ്റി പഠിക്കേണ്ടി വരുന്നത്. ഒന്നാമത്തെ മൂലകമായ ഹൈഡ്രജനിൽ ഒരു എലക്ട്രോണും തൊണ്ണൂറ്റിരണ്ടാമത്തെ മൂലകമായ യുറേനിയത്തിൽ 92 എലക്ട്രോണുകളും ആണുള്ളത് എന്ന് നേരത്തെ പഠിച്ചല്ലൊ. ഏത് മൂലകത്തിലും പ്രോട്ടോണിന്റെയും എലക്ട്രോണിന്റെയും എണ്ണം തുല്യമായിരിക്കും എന്നും പഠിച്ചതാണു. മൂലകത്തിൽ പ്രോട്ടോണുകളും ന്യൂട്രോണുകളും ചേർന്ന ന്യൂക്ലിയസ്സിനെ എലക്ട്രോണുകൾ വിവിധ ഭ്രമണപഥങ്ങളിൽ ചുറ്റിക്കൊണ്ടിരികുന്നു. ഓരോ ഭ്രമണപഥത്തിനും ഷെൽ എന്നാണു പറയുക. ഒരു ഷെല്ലിൽ ഇത്ര എലക്ട്രോണുകൾ മാത്രമേ പാടുള്ളൂ എന്നുണ്ട്. ഓരോ ഷെല്ലിനും സബ്‌-ഷെല്ലും ഉണ്ട്. അത് പിന്നെ പഠിക്കാം. ഷെല്ലുകളെ ഇംഗ്ലീഷ് അക്ഷരമാലയിലെ  K, L, M, N, O, P  എന്ന അക്ഷരങ്ങൾ കൊണ്ടാണ് അറിയപ്പെടുക. ചിത്രം നോക്കുക.
ഉദാഹരണത്തിന് ഒന്നാമത്തെ K ഷെല്ലിൽ 2 എലക്ട്രോൺ ആണുള്ളത്. രണ്ടാമത്തെ L ഷെല്ലിൽ 8 എലക്ട്രോണും മൂന്നാമത്തെ M ഷെല്ലിൽ 18 എലക്ട്രോണും നാലാമത്തെ N ഷെല്ലിൽ 32 എലക്ട്രോണുകളും ആണുള്ളത്.  ഈ 2, 8,18,32 എന്നത് ഒരു മാന്ത്രിക സഖ്യ പോലെയാണു. സബ്‌-ഷെല്ലുകളെ പറ്റി പറഞ്ഞാൽ ഇതിൽ മാറ്റം വരും. എന്നാൽ തുടക്കത്തിൽ അതും പറഞ്ഞാൽ ഗ്രഹിക്കാൻ പ്രയാസമുണ്ടാകും എന്നത് കൊണ്ട് തൽക്കാലം വിടുകയാണ്. മൂലകങ്ങൾക്ക് അതാതിന്റെ എലക്ട്രോൺ ഷെൽ പൂർത്തിയാക്കേണ്ടതുണ്ട്. അങ്ങനെ മൂലകങ്ങൾ തമ്മിൽ എലക്ട്രോണുകളെ കൊടുക്കുകയും വാങ്ങുകയും പങ്ക് വയ്ക്കുകയും ചെയ്യുന്നു. എന്നിട്ട് അതാത് മൂലകങ്ങളിലെ എലക്ട്രോൺ ഷെല്ലുകൾ നിറച്ച് ഭദ്രമാക്കുന്നു.

ഉദാഹരണത്തിനു ഹൈഡ്രജൻ അണുവിൽ ഒരു പ്രോട്ടോണും ഒരു എലക്ട്രോണും മാത്രമാണുള്ളത്. അതായത് ഹൈഡ്രജന്റെ ആകെയുള്ള ഒരു ഷെല്ലിൽ (K) ഒരൊറ്റ എലക്ട്രോൺ മാത്രമേയുള്ളൂ. ഒരു എലക്ട്രോൺ കൂടി കിട്ടിയാൽ ആ ഷെൽ പൂർത്തിയാക്കാമായിരുന്നു. ഓക്സിജന്റെ അണുസഖ്യ 8 ആണ്. അതിന്റെ അർഥം ഓക്സിജൻ മൂലകത്തിൽ 8 എലക്ട്രോൺ ഉണ്ടെന്നും ഒന്നാമത്തെ K എന്ന ഷെല്ലിൽ രണ്ട് എലക്ട്രോണുകളും  L  എന്ന രണ്ടാമത്തെ ഷെല്ലിൽ 6 എലക്ട്രോണുകളും ആണുള്ളത് എന്നാണു. അതായത് ഓക്സിജന് രണ്ടാമത്തെ ഷെൽ പൂർത്തിയാക്കിയേ പറ്റൂ. അതിന് രണ്ട് എലക്ട്രോണുകൾ വേണം. അങ്ങനെ ഓക്സിജൻ മൂലകം രണ്ട് ഹൈഡ്രജൻ മൂലകങ്ങളുമായി യോജിക്കുന്നു. ഇപ്പോൾ എന്തായി? രണ്ട് ഹൈഡ്രജൻ ആറ്റത്തിലെ രണ്ട് എലക്ട്രോണുകളെ കൊണ്ട് ഓക്സിജൻ അതിന്റെ രണ്ടാമത്തെ ഷെൽ പൂർത്തിയാക്കുന്നു. എലക്ട്രോണുകൾ ചുമ്മാ നിൽക്കുകയല്ല. സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.  ആ സഞ്ചാരത്തിനിടയിൽ ഓക്സിജന്റെ രണ്ടാം ഷെല്ലിലെ എലക്ട്രോണുകൾ ഹൈഡ്രജനിലേക്കും , ഹൈഡ്രജന്റെ ഒന്നാം ഷെല്ലിലെ എലക്ട്രോൺ ഓക്സിജനിലേക്കും പോയും വന്നും , രണ്ട് ഹൈഡ്രജൻ അണുക്കളും ഒരു ഓക്സിജൻ അണുവും തൃപ്തിയാകുന്നു എന്ന് മാത്രമല്ല്ല പ്രപഞ്ചത്തിലെ അത്ഭുതം എന്ന് പറയാവുന്ന ജലം എന്ന ദ്രാവകം ഉണ്ടാവുകയും ചെയ്യുന്നു.

മൂലകങ്ങൾ വെറുതെ സംയോജിച്ച് തന്മാത്രകൾ ഉണ്ടാവുകയല്ല, അതിലെ എലക്ട്രോൺ ഷെൽ പൂർത്തിയാക്കി ഊർജ്ജനില സുസ്ഥിരമാക്കാൻ വേണ്ടിയാണു യോജിക്കുന്നത് എന്ന് മനസ്സിലാക്കുക. ഭാരം കൂടിയ മൂലകങ്ങൾ സ്വയം പിളർന്ന് രണ്ട് ലഘുമൂലകങ്ങളായി രൂപാന്തരപ്പെട്ടാണു സുസ്ഥിരത കൈവരിക്കുക. അതൊക്കെ പിന്നീട് വിശദീകരിക്കാം. തന്മാത്രകൾ ഉണ്ടാവുകയും , ഉള്ള തന്മാത്രകൾ വിഘടിക്കുകയും ചെയ്യുക എന്ന രാസപ്രവർത്തനം സദാ നടന്നുകൊണ്ടിരിക്കുന്നു. രണ്ട് തരം പ്രവർത്തനങ്ങളാണ് പ്രകൃതിയിൽ നടക്കുന്നത്. രാസപ്രവർത്തനവും ഭൗതികപ്രവർത്തനവും. അത്കൊണ്ടാണ് രസതന്ത്രവും ഊർജ്ജതന്ത്രവും എന്ന രണ്ട് ശാസ്ത്രശാഖകൾ പ്രധാനമാകുന്നത്. നമ്മൾ എന്തെങ്കിലും കത്തിക്കുമ്പോൾ ആ പദാർഥത്തിലെ കാർബൺ മൂലകവും വായുവിലെ ഓക്സിജൻ തന്മാത്രയും യോജിച്ച് കാർബൺ ഡൈ‌ഓക്സൈഡും പുകയും വെളിച്ചവും ചൂടും ഉണ്ടാകുന്നതാണു രാസപ്രവർത്തനത്തിന്റെ ലളിതമായ  ഉദാഹരണം. വെള്ളം തിളപ്പിക്കുമ്പോൾ അത് നീരാവിയായി മാറുന്നതാണ് ഭൗതികപ്രവർത്തനത്തിന്റെ ഒരുദാഹരണം. ആദ്യത്തേതിൽ പദാർത്ഥത്തിനു രാസമാറ്റവും രണ്ടാമത്തേതിൽ ഭൗതികമാറ്റവും സംഭവിക്കുന്നു.

ഏറ്റവും ചെറിയ കണികയ്ക്ക് അണു എന്ന് പൊതുവിൽ പറയുന്നത് പോലെ പ്രപഞ്ചത്തിൽ ഉള്ള എല്ലാറ്റിനും പൊതുവായി പദാർഥം അഥവാ ദ്രവ്യം എന്ന് പറയുന്നു. പദാർഥം മൂന്ന് അവസ്ഥകളിലാണു സ്ഥിതി ചെയ്യുക. ഖരം, ദ്രാവകം, വാതകം എന്നിവയാണ് ആ മൂന്ന് അവസ്ഥകൾ. നാലമതായി ഒരവസ്ഥയുണ്ട് പ്ലാസ്മ. ഭൂമിയുടെ മധ്യത്തിൽ പദാർഥം പ്ലാസ്മ എന്ന അവസ്ഥയിലാണു സ്ഥിതി ചെയ്യുന്നത്. അതിഭയങ്കരമായ ചൂടാണതിനു കാരണം. ഏത് പദാർഥത്തെയും ഒരവസ്ഥയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ കഴിയും. വെള്ളം ദ്രാവകാവസ്ഥയിൽ ആണെങ്കിലും അത് നീരാവി എന്ന വാതകാവസ്ഥയിലേക്കും ഐസ്‌കട്ട എന്ന ഖരാവസ്ഥയിലേക്കും മാറുന്നത് നമ്മൾ കാണുന്നതാണല്ലൊ.

വ്യവസ്ഥാപിതമായ രീതിയിൽ നിന്ന് വ്യതിചലിച്ച് സാങ്കേതികപദങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് ഞാൻ ഇതെഴുതുന്നത്. ഭാഷാപഠനത്തിനു വ്യാകരണം ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പോലെ സാങ്കേതിക പദങ്ങൾ ശാസ്ത്രപഠനത്തിനും തടസ്സമുണ്ടാക്കും. വായിക്കുമ്പോൾ മനസ്സിൽ വിഷ്വലായി കാണാൻ കഴിയണം എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. സാങ്കേതികതയൊക്കെ പിന്നെ എളുപ്പം പഠിക്കാനാകും. (തുടരും)