Tuesday, January 27, 2009

എന്താണ് പ്രമേഹം ?

പ്രമേഹത്തിന് ഷുഗര്‍ എന്നാണ് പൊതുവെ പറയുന്നത്. ഷുഗറും ബി.പി.യും വി.ഐ.പി. രോഗമാണെന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ ഇത് രണ്ടും സാര്‍വ്വത്രികമായിട്ടുണ്ട്. എന്താണ് പ്രമേഹം എന്ന് ലളിതമായി വിവരിക്കാനാണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത്. പ്രമേഹം ഉള്ളവര്‍ സാധാരണ പഞ്ചസാര വര്‍ജ്ജിക്കുന്നതിന് ശാസ്ത്രീയമായ കാരണങ്ങളൊന്നും കാണുന്നില്ല. നാം കഴിക്കുന്ന പഞ്ചസാര എളുപ്പത്തില്‍ ദഹിക്കുമെന്ന ധാരണ കൊണ്ടോ മുത്രത്തില്‍ പഞ്ചസാര എന്ന ശൈലി പ്രചാരത്തില്‍ വന്നത് കൊണ്ടോ മറ്റോ ആണെന്ന് തോന്നുന്നു ആളുകള്‍ ചായയിലും മറ്റ് പാനീയങ്ങളിലും ടേബിള്‍ ഷുഗര്‍ എന്ന് പറയുന്ന പഞ്ചസാര ഒഴിവാക്കുന്നത്. അതേ പോലെ അരിഭക്ഷണം ഒഴിവാക്കണം എന്ന് പറയുന്നതും ശരിയല്ല. എല്ലാ ഭക്ഷണ പദാര്‍ത്ഥങ്ങളിലും പ്രധാന ഘടകമാണ് അന്നജം അല്ലെങ്കില്‍ കര്‍ബോഹൈഡ്രേറ്റുകള്‍. എന്ത് കഴിക്കുന്നു എന്നതല്ല പ്രശ്നം എത്ര കഴിക്കുന്നു എന്നതാണ്. ഓരോ ഭക്ഷണ പദര്‍ത്ഥം കഴിക്കുമ്പോഴും അത് ദഹിച്ചു രക്തത്തില്‍ പഞ്ചസാരയുടെ(ഗ്ലൂക്കോസ്) അളവ് എത്ര വര്‍ദ്ധിപ്പിക്കുന്നു എന്ന് കണക്കാക്കുന്ന സൂചികയാണ് ഗ്ലൈസീമിക് ഇന്‍ഡെക്സ് (Glycemic Index).

ഉപാപചയപ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന അവസ്ഥയാണ് പ്രമേഹം എന്ന് ഒറ്റവാക്കില്‍ പറയാം(Diabetes is a disorder of metabolism). നാം കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് നമ്മുടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നതിനും പിന്നെ വളര്‍ച്ചയ്ക്കും മെയിന്റനന്‍സിനും ആവശ്യമായ പോഷകഘടകങ്ങള്‍ക്ക് വേണ്ടിയുമാണ്. ഊര്‍ജ്ജദായകമായ പദാര്‍ത്ഥങ്ങളെ പൊതുവെ കര്‍ബോഹൈഡ്രേറ്റ് എന്നാണ് പറയുക. നാം കഴിക്കുന്ന ചോറ്,പഴവര്‍ഗ്ഗങ്ങള്‍,കിഴങ്ങുകള്‍ തുടങ്ങിയ എല്ലാവറ്റിലും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. ഭക്ഷണം ദഹിക്കുക എന്ന് പറഞ്ഞാല്‍ ഈ കാര്‍ബോഹൈഡ്രേറ്റുകള്‍ ചെറിയ കണികകളായ ഗ്ലൂക്കോസ് ആയി മാറുക എന്നാണര്‍ത്ഥം. വിഷയം പ്രമേഹം ആയത് കൊണ്ട് പ്രോട്ടീന്‍ തുടങ്ങിയ ഘടകങ്ങളെ ഇവിടെ പരാമര്‍ശിക്കുന്നില്ല. അങ്ങനെ നാം കഴിക്കുന്ന ആഹാരങ്ങളില്‍ നിന്ന് ഗ്ലൂക്കോസ് ആണ് രക്തത്തില്‍ പ്രവേശിക്കുന്നത്. പ്രത്യേകം ശ്രദ്ധിക്കുക, നാം എന്ത് കഴിച്ചാലും അത് ചോറോ,പയറോ,പഴമോ,കിഴങ്ങോ,പാലോ,ഇറച്ചിയോ ഇപ്പറഞ്ഞ സാധാരണ പഞ്ചസാരയോ എന്തോ ആകട്ടെ അവയില്‍ അടങ്ങിയിട്ടുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ ഗ്ലൂക്കോസ് ആയി ചെറുതാക്കപ്പെട്ട ശേഷം മാത്രമേ രക്തത്തില്‍ കടക്കുകയുള്ളൂ.

പഞ്ചസാര യുടെ കാര്യത്തില്‍ അത് രണ്ട് ഗ്ലൂക്കോസ് കണികയ്ക്ക് സമമാണ്. സങ്കേതികമായി പറഞ്ഞാല്‍ ഒരു ഗ്ലൂക്കോസ് തന്മാത്രയും ഒരു ഫ്രക്ടോസ് തന്മാത്രയും ചേര്‍ന്നതാണ് പഞ്ചസാരയുടെ കണിക. സൂക്രോസ് എന്ന് രാസനാമം. നാം പാനീയങ്ങളില്‍ ചേര്‍ത്ത് കഴിക്കുന്ന സൂക്രോസ് എന്ന പഞ്ചസാരയും മറ്റ് പദാര്‍ത്ഥങ്ങളോടൊപ്പം വിഘടിക്കപ്പെട്ട് ഗ്ലൂക്കോസ് ആയി മാറുന്നു. രക്തത്തില്‍ കലര്‍ന്ന ഗ്ലൂക്കോസ്, അത് ഏത് പദാര്‍ത്ഥത്തില്‍ നിന്ന് വിഘടിക്കപ്പെട്ടതായാലും ഒന്ന് തന്നെ. ഈ ഗ്ലൂക്കോസ് ആണ് ശരീരം ഊര്‍ജ്ജത്തിനായി ഉപയോഗിക്കുന്നത്. അതായത് രക്തത്തില്‍ പ്രവേശിച്ച ഗ്ലൂക്കോസ് ശരീരകോശങ്ങളില്‍ എത്തി ഓരോ കോശങ്ങളില്‍ വെച്ചും അത് വീണ്ടും വിഘടിപ്പിക്കപ്പെടുകയും ഊര്‍ജ്ജം ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഗ്ലൂക്കോസ് രക്തത്തില്‍ നിന്നും കോശങ്ങളിലേക്ക് കടക്കണമെങ്കില്‍,രക്തത്തിലേക്ക് ഒരു ഹോര്‍മോണ്‍ സ്രവിക്കപ്പെടണം. അതാണ് ഇന്‍സുലിന്‍!


പാന്‍‌ക്രിയാസ് എന്ന ഗ്രന്ഥിയാണ് ഇന്‍സുലിന്‍ ഉല്പാദിപ്പിച്ച് രക്തത്തില്‍ സ്രവിക്കുന്നത്. രക്തത്തിലേക്ക് വിവിധ ഗ്രന്ഥികള്‍ സ്രവിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് പൊതുവായ പേരാണ് ഹോര്‍മോണ്‍ എന്നത്. കുടലിന് പിന്നിലുള്ള പാന്‍‌ക്രിയാസ് ഗ്രന്ഥിയുടെ സ്ഥാനം ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. നാം കഴിക്കുന്ന ആഹാരങ്ങള്‍ക്ക് കണക്കായി പാന്‍‌ക്രിയാസ് ഗ്രന്ഥി സ്വമേധയാ ഇന്‍സുലിന്‍ ഉല്പാദിപിച്ച് ഗ്ലൂക്കോസിനെ കോശങ്ങളില്‍ എത്തിക്കാന്‍ സഹായിക്കുന്നു. ആവശ്യത്തിനനുസരിച്ച് ഇന്‍സുലിന്‍ പാന്‍‌ക്രിയാസ് ഗ്രന്ഥി ഉല്പാദിപ്പിക്കാതിരിക്കുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയാം. ഒന്നുകില്‍ ഉല്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ അപര്യാപ്തമാണ്, അല്ലെങ്കില്‍ ഉല്പാദിപ്പിക്കുന്ന ഇന്‍സുലിനോട് കോശങ്ങള്‍ പ്രതികരിക്കുന്നില്ല. ഇന്‍‌സുലിന്‍ തന്നെ പ്രശ്നം! ഇന്‍സുലിന്‍ അപര്യാപ്തമായ പരിസ്ഥിതിയില്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുകയും, അത് മൂത്രത്തിലുടെ ശരീരം പുറന്തള്ളുകയും ചെയ്യുന്നു. രക്തത്തിന്റെ ഒരു ബാലന്‍സ് ശരീരം നിലനിര്‍ത്തേണ്ടത് കൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത്. ഈ അവസ്ഥയെയാണ് നാം മൂത്രത്തില്‍ പഞ്ചസാര എന്ന് സാധാരണ പറയുന്നത്. ഗ്ലൂക്കോസും സാധാരണ പഞ്ചസാരയും തമ്മിലുള്ള വ്യത്യാസം സാധാരണക്കാര്‍ മനസ്സിലാക്കുന്നില്ല.
മൂന്ന് തരത്തിലുള്ള പ്രമേഹമുണ്ട്. type 1 diabetes , type 2 diabetes, gestational diabetes എന്നിങ്ങനെ. ഇതില്‍ ഒന്നാമത്തെ ടൈപ്പ് പ്രമേഹത്തെ autoimmune disease എന്ന് പറയും. ശരീരത്തിലെ രോഗപ്രതിരോധസംവിധാനം തന്നെ ഏതെങ്കിലും ശരീ‍ര ഭാഗത്തെ പ്രതിരോധിച്ച് തകരാറിലാക്കുന്ന പ്രതിഭാസമാണിത്. ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്ന പാന്‍‌ക്രിയാസ് ഗ്രന്ഥിയുടെ ചില കോശങ്ങളെ (Beta cells) ശരീരത്തിലെ immune system തന്നെ നശിപ്പിക്കുകയും അങ്ങനെ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. ഇത് ബാധിച്ച രോഗികള്‍ക്ക് നിത്യേന ഇന്‍സുലിന്‍ നല്‍കേണ്ടി വരും. അത്ര സര്‍വ്വസാധാരണമല്ലാത്ത ഈ രോഗത്തിന്റെ കാരണങ്ങള്‍ ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ടില്ല.
സാധാരണയായി കണ്ടു വരുന്ന പ്രമേഹത്തെ type 2 diabetes എന്നാണ് പറയുന്നത്. പ്രമേഹ രോഗികളില്‍ 95 ശതമാനവും ഈ ഗണത്തില്‍ പെടും. പ്രായാധിക്യം, അമിതമായ ശരീരവണ്ണം, ഭാരം, വ്യായാമരാഹിത്യം, ആഹാരശീലങ്ങള്‍ പിന്നെ പാരമ്പര്യം തുടങ്ങിയ കാരണങ്ങളാലാണ് ഇത് പിടിപെടുന്നത്. ഗര്‍ഭധാരണസമയത്ത് ഉണ്ടാവുന്നതാണ് gestational diabetes എന്ന മൂന്നാമത്തെ ഗണത്തില്‍ പെടുന്നത്.
പ്രമേഹത്തെ പറ്റി ഒരു സാമാന്യ ധാരണ ഉണ്ടാക്കാന്‍ വേണ്ടിയാ‍ണ് ഈ പോസ്റ്റ്. താല്പര്യമുള്ളവര്‍ക്ക് ഈ സൈറ്റ് നോക്കാവുന്നതാണ്.

Monday, January 26, 2009

എന്താണ് ബ്ലഡ് പ്രഷര്‍

എന്താണ് ബി.പി. അഥവാ ബ്ലഡ് പ്രഷര്‍ ? ഇക്കാലത്ത് അധികം പേര്‍ക്കും ബി.പി.ഉണ്ട് അല്ലെങ്കില്‍ അതിനെപ്പറ്റി എല്ലാവരും ബോധവാന്മാരാണ് . എന്നാല്‍ എന്താണത് എന്നതിനെ പറ്റി മിക്കവര്‍ക്കും ഒരു ധാരണയില്ല. നമ്മുടെ ഹൃദയം ഒരു പമ്പ് പോലെയാണ്. അത് രക്തം സദാ ശരീരത്തിലേക്ക് ഒഴുക്കി വിടുന്നു. ധമനികള്‍ എന്ന കുഴലുകളിലൂടെയാണ് രക്തം ഒഴുകുന്നത്. ഏതൊരു ദ്രാവകവും കുഴലിലൂടെ ഒഴുകുമ്പോള്‍ അത് കുഴലിന്റെ ഭിത്തിയില്‍ഒരു പ്രഷര്‍(മര്‍ദ്ധം)ഏല്‍പ്പിക്കുന്നുണ്ട്. അപ്പോള്‍ ഹൃദയം ചുരുങ്ങുകയും രക്തം പമ്പ് ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ രക്തക്കുഴലുകളില്‍ അനുഭവപ്പെടുന്ന സമ്മര്‍ദ്ദത്തെയാണ്‌ രക്‌തസമ്മര്‍ദ്ദം എന്നു പറയുന്നത്‌. രക്തത്തെ ശരീരത്തിന്റെ ചരക്ക് വണ്ടി എന്ന് വിശേഷിപ്പിക്കാം. ശരീരകോശങ്ങള്‍ക്കാവശ്യമായ പോഷകഘടകങ്ങളും ഓക്സിജനും ഓരോ കോശത്തിലേക്കും വഹിച്ചു കൊണ്ടുപോകുന്നത് രക്തമാണ്. മാത്രമല്ല കോശങ്ങളില്‍ നിന്ന് ഉപയോഗശൂന്യമായ മാലിന്യങ്ങള്‍ കളയാന്‍ വേണ്ടി വഹിച്ചു കൊണ്ടുപോകുന്നതും രക്തം തന്നെ.

ഹൃദയം പമ്പ്‌ ചെയ്യുന്ന രക്തത്തിന്റെ വേഗതയിലുള്ള വര്‍ദ്ധന, രക്തത്തിന്റെ അളവ്‌ കൂടുക, രക്തക്കുഴലുകളുടെ വ്യാസം കുറയല്‍ ഇവയെല്ലാം രക്ത സമ്മര്‍ദ്ദം ഉയര്‍ത്തുന്നു. ഇതിന്‌ വിപരീതമായി സംഭവിക്കുമ്പോള്‍ രക്‌തസമ്മര്‍ദ്ദം കുറയുകയും ചെയ്യും. ഹൃദയം ചുരുങ്ങുമ്പോഴാണ്‌ രക്തം പമ്പുചെയ്യപ്പെടുന്നതും ചംക്രമണം നടക്കുന്നതും എന്ന് പറഞ്ഞല്ലൊ, ഇപ്രകാരം ചംക്രമണം ചെയ്യപ്പെട്ട രക്തത്തെ വീണ്ടും സ്വീകരിക്കുവാനായി ഹൃദയം വികസിക്കുന്നു. ഹൃദയം ചുരുങ്ങി രക്തത്തെ പമ്പു ചെയ്യുന്ന അവസ്ഥ ഹൃദയസങ്കോചം അഥവാ സിസ്‌റ്റോള്‍ എന്നറിയപ്പെടുന്നു. ഈ സമയത്ത്‌ രക്‌തസമ്മര്‍ദ്ദത്തിന്റെ തോത്‌ ഉയര്‍ന്നിരിക്കും. ഇതിനെ സിസ്‌റ്റോളിക്‌ ബ്ലഡ്‌ പ്രഷര്‍ എന്നും ഹൃദയം വികസിക്കുന്ന അവസ്‌ഥയെ ഡയസ്‌റ്റോള്‍ എന്നും പറയുന്നു. ഈ സമയത്ത്‌ രക്‌തസമ്മര്‍ദ്ദം കുറവായിരിക്കും. ഇതിനെ ഡയസ്‌റ്റോളിക്‌ ബ്ലഡ്‌പ്രഷര്‍ എന്നും പറയുന്നു.

സാധാരണയായി രണ്ട് സംഖ്യകള്‍ കൊണ്ടാണ് ബി.പി.യുടെ അളവ് സൂചിപ്പിക്കാറുള്ളത്. ഉദാഹരണം:120/80 . ഇതില്‍ 120 എന്നത് ഹൃദയം ചുരുങ്ങി രക്തം പമ്പ് ചെയ്യുമ്പോള്‍ ഒഴുകുന്ന രക്തം രക്തക്കുഴലില്‍ ഏല്‍പ്പിക്കുന്ന മര്‍ദ്ധത്തിന്റെ അളവാണ്. ഇതിനെ സിസ്റ്റോളിക് പ്രഷര്‍ എന്നു പറയും. ഹൃദയം വികസിച്ചു രക്തം പമ്പ് ചെയ്യപ്പെടാത്ത ഇടവേളയിലും ഒരു മര്‍ദ്ധം രക്തക്കുഴലുകളില്‍ ഉണ്ടാവും. അതിനെയാണ് ഡയസ്റ്റോളിക് പ്രഷര്‍ എന്ന് പറയുന്നത്. അതിന്റെ അളവാണ് 80. അതായത് ഹൃദയം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുമ്പോള്‍ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന മര്‍ദ്ധവ്യതിയാനങ്ങളുടെ,സിസ്റ്റോളിക് പ്രഷറിന്റെയും ഡയസ്റ്റോളിക് പ്രഷറിന്റെയും അളവുകളാണ് 120/80. നോര്‍മലായ അവസ്ഥയില്‍ ഒരാളുടെ ബ്ലഡ് പ്രഷറിന്റെ അളവ് കൂടിയാണ് ഇപ്പറഞ്ഞ 120/80 ( Normal blood pressure is less than 120 mmHg systolic and less than 80 mmHg diastolic). പലരും ഈ സംഖ്യകളെ തെറ്റായിട്ടാണ് പറയുമ്പോള്‍ സൂചിപ്പിക്കുന്നത്. വണ്‍ ട്വന്റി ഓവര്‍ എയിറ്റി എന്നാണ് പറയേണ്ടത്. ഈ രണ്ടു സംഖ്യകളും ഒരുമിച്ചു പറഞ്ഞാലെ ബി.പി.യുടെ അളവു വ്യക്തമാവൂ. പലരും പ്രഷര്‍ 160 അല്ലെങ്കില്‍ അതിലധികമുണ്ട് എന്നൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. സാങ്കേതികമായി ഈ സംഖ്യ 120/80 mmHg (millimeters of mercury) ആണ്.

സൈഗ്‌മോ മാനോമീറ്റര്‍ (ബി.പി. അപ്പാരറ്റസ്‌) എന്ന ഉപകരണം ഉപയോഗിച്ചാണ്‌ സാധാരണയായി രക്‌തസമ്മര്‍ദ്ദം അളക്കുന്നത്‌. മര്‍ദ്ധം കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് ഈ മീറ്ററില്‍ രസം (mercury) ഉയരുന്നതിന്റെയും താഴുന്നതിന്റെയും അളവുകളാണ് മേല്‍പ്പറഞ്ഞ 120/80. ഇപ്പോള്‍ പ്രഷര്‍ കണ്ടുപിടിക്കുന്നതിന് വ്യത്യസ്ത ഉപകരണങ്ങള്‍ പ്രചാരത്തിലുണ്ട്. രക്തസമ്മര്‍ദ്ദത്തില്‍ അവസരത്തിനനുസരിച്ച്‌ സാരമായ വ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. മനസിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനം, ഉറക്കം, ഉറക്കക്കുറവ്‌, സമയവ്യത്യാസങ്ങള്‍, വികാരങ്ങള്‍, വ്യായാമം തുടങ്ങിയവ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനങ്ങള്‍ വരുത്തുന്നു. അതുപോലെ പ്രായ വ്യത്യാസമനുസരിച്ചും സ്വാഭാവിക രക്തസമ്മര്‍ദ്ദം വ്യത്യസ്തമായിരിക്കും. എന്നാല്‍ 140/mmhg ക്കു താഴെയുള്ള സിസ്‌റ്റോളിക്‌ സമ്മര്‍ദ്ദവും 90/mmhg ക്കു താഴെയുള്ള ഡയസ്‌റ്റോളിക്‌ സമ്മര്‍ദ്ദവും നോര്‍മലായിട്ടാണ്‌ അംഗീകരിച്ചിരിക്കുന്നത്‌.

പ്രായപൂര്‍ത്തിയായ ഒരാളില്‍ 120/mmhg സിസ്‌റ്റോളിക്‌ സമ്മര്‍ദ്ദവും 80/mmhg ഡയസ്‌റ്റോളിക്‌ സമ്മര്‍ദ്ദവുമാണ്‌ അഭികാമ്യം എന്ന് പറഞ്ഞല്ലൊ. രക്തസമ്മര്‍ദ്ദത്തെ പല ഘടകങ്ങള്‍ നിയന്ത്രിക്കുന്നു. ഒന്നാമതായി ശരീരത്തിലെ രക്തധമനികള്‍ സൂക്ഷ്‌മധമനികള്‍ എന്നിവയുടെ നൈസര്‍ഗിക ഘടനയെ ആശ്രയിച്ചിരിക്കും. ഇവ ചുരുങ്ങുകയോ കേടുവരുകയോ ചെയ്‌താല്‍ ഹൃദയത്തിന്‌ കൂടുതല്‍ ശക്‌തിയോടുകൂടി രക്‌തം പമ്പ്‌ ചെയ്യേണ്ടിവരും. രണ്ടാമതായി രക്തസമ്മര്‍ദ്ദം സാരമായി നിയന്ത്രിക്കുന്നത്‌ ഓട്ടോണമസ്‌ നെര്‍വസ്‌ സിസ്‌റ്റമാണ്‌. മൂന്നാമത്‌ രക്തത്തില്‍ അടങ്ങിയിരിക്കുന്ന രാസ പദാര്‍ത്ഥങ്ങളും ഹോര്‍മോണുകളും രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാക്കുന്നു. എന്നാല്‍ ചിലരില്‍ യാതൊരു കാരണവും കൂടാതെ സദാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാണപ്പെടാറുണ്ടത്രെ.

ഒരാള്‍ക്ക്‌ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടോ എന്നറിയാന്‍ എന്താണ്‌ മാര്‍ഗം? ഈ രോഗത്തിന്‌ പ്രകടമായ രോഗലക്ഷണങ്ങള്‍ പ്രാരംഭഘട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്തതിനാല്‍ രക്‌തസമ്മര്‍ദ്ദം പരിശോധിക്കുക മാത്രമാണ്‌ ഏക മാര്‍ഗം. ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദം ഉള്ള പലയാളുകളിലും തലചുറ്റല്‍, തലവേദന, മൂക്കില്‍നിന്ന്‌ രക്‌തം വരുക, മുഖത്ത്‌ നീര്‍ക്കെട്ട്‌ ഉണ്ടാകുക, കാല്‍ വലിച്ചു കോച്ചല്‍, മുന്‍കോപം എന്നിങ്ങനെ കാണാറുണ്ടെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ മൂര്‍ദ്ധന്യാവസ്‌ഥയിലേ കാണപ്പെടുകയുള്ളു എന്നതാണ്‌ ഈ രോഗത്തിന്റെ പ്രത്യേകത പോലും.

കുറഞ്ഞത്‌ രണ്ടു ദിവസമെങ്കിലും കൃത്യസമത്ത്‌ ശരീരവും മനസും പൂര്‍ണ വിശ്രമത്തിലിരിക്കുന്ന പ്രായപൂര്‍ത്തിയായ ഒരാളുടെ രക്തസമ്മര്‍ദ്ദം അളക്കുമ്പോള്‍ സിസ്‌റ്റോളിക്‌ ബി.പി. 140(mmhg)നും ഡയസ്‌റ്റോളിക്‌ ബി.പി. 90(mmhg)നും മുകളിലാണെന്ന്‌ കണ്ടാല്‍ ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദമുണ്ടെന്നു കണക്കാക്കാം. സിസ്റ്റോളിക് BP 120നും139നും ഇടയിലും, ഡയസ്റ്റോളിക് BP 80നും 89നും ഇടയിലും [120-139/80-89 (mmhg) ] സമ്മര്‍ദ്ധം ഉണ്ടാകുന്ന അവസ്ഥയെ Prehypertension എന്നു പറയുന്നു. അതായത് ഈ അവസ്ഥയില്‍ രക്തസമ്മര്‍ദ്ധം അനുഭവപ്പെടുന്നവര്‍ക്ക് ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ കൊണ്ട് രോഗം നിയന്ത്രണ വിധേയമാക്കാമെന്ന് അര്‍ത്ഥം. പ്രി-ഹൈപ്പര്‍ ടെന്‍ഷന്‍ അവഗണിക്കുന്ന പക്ഷം അത് ഗുരുതരമായ രക്താതിസമ്മര്‍ദ്ധത്തിലേക്കും heart attack, stroke, heart failure പോലെയുള്ള ഭവിഷ്യത്തുകളിലേക്കും നയിക്കുമെന്ന് പറയേണ്ടതില്ലല്ലൊ.