Saturday, July 2, 2016

എതിർപ്പുമതം

എന്തിനെയും എതിർക്കുന്ന ഒരു കൂട്ടം ആളുകൾ എല്ലാ കാലത്തുമുണ്ട്. ഇപ്പോൾ അതൊരു മതം പോലെ ആയിട്ടുണ്ട്. ശാസ്ത്രവിരുദ്ധമതം എന്ന് പറയാം. ശാസ്ത്രം സംബന്ധിച്ച എല്ലാറ്റിനെയും എതിർക്കുക. വാക്സിനെഷനെ എതിർക്കുക, രാസവളത്തെയും കീടനാശിനികളെയും എതിർക്കുക, മോഡേൺ മെഡിസിനെ എതിർക്കുക, ജനിതകമാറ്റം വരുത്തുന്ന വിത്തുകളെ എതിർക്കുക ഇങ്ങനെ എല്ലാറ്റിനെയും എതിർക്കുന്ന ഒരു വിഭാഗം സംഘടിതമായി തന്നെ ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്തുണ്ട്.  മനുഷ്യന്റെ അതിജീവനത്തിന്റെ ഭാഗമായിട്ടാണു ഓരോ കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ളത്. കണ്ടുപിടിക്കുന്നതിനും മുൻപ് മനുഷ്യർ ജീവിച്ചിട്ടില്ലേ എന്ന് ചോദിക്കാം. ആ ജീവിതം ഇപ്പോൾ മതിയോ? പണ്ടത്തെ നാടൻ വിത്തും , നാടൻ മരുന്നും, പ്രകൃതികൃഷിയും ഒക്കെക്കൊണ്ട് ഇക്കാലത്തെ ഇത്രയും മനുഷ്യർക്ക് ജീവിയ്ക്കാൻ കഴിയുമോ? ഇപ്പോൾ ഹരിതവിപ്ലവത്തെ ചിലർ തള്ളി പറയുന്നു. മണ്ണും പരിസ്ഥിയും ഹരിതവിപ്ലവം കൊണ്ട് നശിച്ചു എന്നാണു പറയുന്നത്. ഹരിതവിപ്ലവം ഉണ്ടായില്ലെങ്കിൽ മനുഷ്യൻ പട്ടിണി കൊണ്ട് ഭൂമുഖത്ത് നിന്ന് ഇതിനകം അപ്രത്യക്ഷമായിട്ടുണ്ടാകും.  ഹരിതവിപ്ലവത്തിനു മുൻപ് ലക്ഷക്കണക്കിനു ആൾക്കാരാണു ഭക്ഷ്യ ക്ഷാമം കൊണ്ട് മരിച്ചുകൊണ്ടിരുന്നുന്നത്.  മനുഷ്യൻ ഇല്ലെങ്കിൽ പരിസ്ഥിതിയും മണ്ണും അതേ പടിയുണ്ടാകുമായിരുന്നു. അങ്ങനെയാണോ വേണ്ടത്?

അത് പോലെ വാക്സിനേഷനും മോഡേൺ മെഡിസിനും ഒന്നും നിലവിൽ വരുന്നതിനു മുൻപ് ലക്ഷങ്ങൾ തന്നെയാണു പകർച്ച വ്യാധികൾ നിമിത്തം മരിച്ചുകൊണ്ടിരുന്നത്.  അനവധി നിരവധി കണ്ടുപിടുത്തങ്ങളുടെ ഫലമായി മനുഷ്യസമൂഹം ഇപ്പോഴാണു ഒരു സ്റ്റേബിൾ നിലയിലേക്ക് വന്നത്. ഈ നിലയിൽ നിന്നുകൊണ്ട്, ഇതിന്റെ എല്ലാ സൗകര്യങ്ങളും അനുഭവിച്ചുകൊണ്ടാണു എല്ലാറ്റിനെയും എതിർക്കുന്നത്. ഇപ്പോഴത്തെ ലോകജനസംഖ്യ 700 കോടിയിൽ അധികമാണു. 2050 ആകുമ്പോഴേക്കും ജനസംഖ്യ തൊള്ളായിരം കോടി കവിയും. അത്രയും ജനങ്ങൾക്ക് ആഹാരം വേണ്ടേ? ജൈവകൃഷിയും പ്രകൃതികൃഷിയും കൊണ്ട് അത് കഴിയുമോ? ജനസംഖ്യ പെരുകുന്നു. അതേ സമയം കൃഷിസ്ഥലം കുറയുന്നു. എല്ലാവരും അവനവന്റെ ആവശ്യത്തിനു കൃഷി ചെയ്യുകയാണെങ്കിൽ ഇപ്പറഞ്ഞ പ്രകൃതികൃഷിയും ജൈവകൃഷിയും ഒക്കേ മതിയായിരുന്നു. അത് കഴിയില്ലല്ലൊ.  ലോകത്തെ തീറ്റിപ്പോറ്റാൻ കർഷകർ എന്നൊരു വർഗ്ഗം വേണ്ടേ? അവർക്ക് നിലനിൽക്കണമെങ്കിൽ കൃഷി ലാഭകരം ആകണ്ടേ?

കീടങ്ങൾ സർവ്വത്രയുണ്ട്. 35 ശതമാനം വിളനാശം ആണു കീടങ്ങൾ കൊണ്ട് ഉണ്ടാകുന്നത്. ഈ കീടങ്ങളെയെല്ലാം ജൈവകീടനാശിനി കൊണ്ട് ഇല്ലാതാക്കി കർഷകർക്ക് കൃഷി ചെയ്യാൻ പറ്റുമോ? കീടനാശിനി നിരോധനമല്ല നീയന്ത്രണമാണു സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് കൃഷി പറഞ്ഞിരിക്കുന്നു. അത് സ്വാഗതാർഹമാണു. ആവശ്യത്തിനു കീടനാശിനികൾ ഉപയോഗിക്കാൻ കർഷകർക്ക് കഴിയണം. അതിനു കീടനാശിനികൾ ലഭ്യമാക്കുകയും വേണം. ജൈവകീടനാശിനി ഉണ്ടാക്കിയിട്ട് കർഷകർക്ക് വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കഴിയില്ല. പിന്നെ രാസവളം, രാസവളത്തെ എതിർക്കുന്നതിൽ ഒരു ലോജിക്കും ഇല്ല. മണ്ണ് എന്ന് പറയുന്നത്  എന്തോ ദിവ്യ വസ്തുവല്ല. ഭൂമിയുടെ മേല്പരപ്പിലെ പാറ പൊടിഞ്ഞിട്ടാണു മണ്ണ് ഉണ്ടായിട്ടുള്ളത്.  പാറ പൊടിഞ്ഞ് ഉണ്ടായ മണ്ണിലെ ചില കെമിക്കൽ മൂലകങ്ങൾ അബ്‌സോർബ് ചെയ്തിട്ടാണു ചെടികൾ വളരുന്നത്. ചെടികൾക്ക് വേണ്ടത് മണ്ണല്ല. മണ്ണ് ഇല്ലാതെ  ആവശ്യമായ മൂലകങ്ങളും വെള്ളവും കൊടുത്താലും ചെടികൾ പുഷ്ടിയോടെ വളരും. അങ്ങനെയുള്ള ഹൈഡ്രോപോണിക്ക് കൃഷി ഇപ്പോ പ്രചരിക്കുന്നുണ്ട്. പാറകൾ പൊടിഞ്ഞുണ്ടായ ധാതുക്കളും ലവണങ്ങളും പിന്നെ ജൈവപദാർത്ഥങ്ങൾ അലിഞ്ഞു ചേർന്നതുമാണു മണ്ണ്. ചെടികളെ ഉറപ്പിച്ച് നിർത്താനും അവയ്ക്ക് ആവശ്യമുള്ള മൂലകങ്ങളും ജലവും വലിച്ചെടുക്കാനുമാണു മണ്ണ് കൃഷിക്ക് ഉപയോഗപ്പെടുന്നത്. ചെടികളെ ഉറപ്പിച്ച് നിർത്താനും വെള്ളവും മൂലകങ്ങളും ചെടികൾക്ക് ലഭ്യമാക്കാനുള്ള നൂതനമായ സംവിധാനമാണു ഹൈഡ്രോപോണിക്സ്.  എല്ലാറ്റിനും ഒരു മെക്കാനിസം ഉണ്ട്. അത് മനസ്സിലാക്കിയിട്ടാണു ഓരോന്ന് കണ്ടുപിടിക്കുന്നത്.

ജനറ്റിക്ക് എഞ്ചിനീയറിങ്ങ് കൃഷിയിൽ വലിയ വിപ്ലവം ആണു വരുത്താൻ പോകുന്നത്. ചെടികൾക്ക് കീടങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി , പിന്നെ വരൾച്ചയെ നേരിടാനും ഉല്പാദനം വർദ്ധിപ്പിക്കാനും അങ്ങനെ ഒരുപാട് ഗുണങ്ങൾ ജനിതകമാറ്റം വരുത്തുന്നതിലൂടെ സാധിക്കും. ഓരോ ജീവിയ്ക്കും സസ്യത്തിനും അതിന്റേതായ ജനിതകഘടനയുണ്ട്. ആശാസ്യമായ ജീനുകൾ മറ്റ് സസ്യങ്ങളിലേക്ക് മാറ്റി വയ്ക്കുന്നതിൽ യാതൊരു അപാകതയും ഇല്ല. ജനറ്റിക്ക് എഞ്ചിനീയറിങ്ങ് ചികിത്സാരംഗത്തും വമ്പിച്ച മാറ്റങ്ങളാണു വരുത്താൻ പോകുന്നത്. ചിലരിൽ ക്യാൻസർ ഉണ്ടാക്കുന്ന ജീനുകൾ പാരമ്പര്യമായി തന്നെയുണ്ടാകും. അത്തരം ജീനുകളെ കണ്ടെത്തി ഇല്ലാതാക്കാൻ ജനറ്റിക്ക് സാങ്കേതിക വിദ്യയിലൂടെ കഴിയും.

ചിലർ പറയും സായിപ്പിന്റെ ശാസ്ത്രം എന്നൊക്കെ. സയൻസ് സായിപ്പിന്റേതല്ല. പ്രപഞ്ചനിയമങ്ങൾ കണ്ടുപിടിക്കുന്നതാണു സയൻസ്. അത് സായിപ്പ് കുറേ കണ്ടുപിടിച്ചു അല്ലെങ്കിൽ കണ്ടുപിടുത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു എന്നേയുള്ളൂ. അങ്ങനെ കണ്ടുപിടിക്കുന്ന അറിവുകൾ മനുഷ്യരാശിയുടെ പൊതുസ്വത്ത് ആവുകയാണു.  സയൻസ് മനസ്സിലാക്കാൻ ബുദ്ധിപരമായ അധ്വാനവും ക്ഷമയും വേണം. അത്കൊണ്ട് ശാസ്ത്രവും സാധാരണക്കാരും തമ്മിൽ ഒരു ഗ്യാപ്പ് ഉണ്ട്. ആ ഗ്യാപ്പിലാണു ശാസ്ത്രവിരുദ്ധരുടെ എതിർപ്പുമതം പ്രചാരം നേടുന്നത്. പക്ഷെ അതിജീവനത്തിനു ആളുകൾ സയൻസിനെ ആശ്രയിക്കുക തന്നെ ചെയ്യും. വേറെ വഴിയില്ല. ഹോമിയോപ്പതി നോക്കുക. ഡോക്റ്റരെ കാണിച്ചില്ലെങ്കിലും സാരമില്ല മരുന്ന് കഴിച്ചില്ലെങ്കിലും സാരമില്ല എന്ന തരത്തിലുള്ള രോഗങ്ങൾക്ക് മാത്രമെ ഹോമിയോക്കാരനെ സമീപിക്കുകയുള്ളൂ. ഇത് ചികിത്സിച്ച് ഭേദമാക്കിയേ പറ്റൂ എന്ന് നിർബ്ബന്ധമായ അവസ്ഥയിലുള്ള രോഗികൾ മോഡേൺ മെഡിസിൻ ഡോക്റ്റർമാരെ മാത്രമെ കാണിക്കുകയുള്ളൂ. ജീവൻ വെച്ചുള്ള കളിക്ക് ആരും തയ്യാറാവുകയില്ല. അത്കൊണ്ട്  എതിർപ്പുകാർ എതിർക്കട്ടെ, ശാസ്ത്രീയമായത് ഇല്ലാതെ ലോകം ഒരു ദിവസം അതിജീവിക്കുകയില്ല. ലോകം എന്ന് വെച്ചാൽ മനുഷ്യരാശി. സയൻസ് മനുഷ്യന്റെ നിലനില്പിനും അതിജീവനത്തിനുമാണു.


1 comment:

T.E.A.M. 4 Kids Pediatric Therapy Center In Peoria And Surprise AZ said...

This blog is very informative related to health issues. Being a father its very helpful for me and my childerns. I must say these are the best blogs for health.